രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്

0

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പൊലീസ് കേസെടുത്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നല്‍കിയ സ്വീകരണത്തിലാണ് പുതിയ കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, ഗതാഗതം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ 12 യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പേരിലും കണ്ടാലറിയാവുന്ന നൂറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകാപനമുണ്ടാക്കി, സര്‍ക്കാര്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു, പൊലീസ് ആജ്ഞ ലംഘിച്ച് ന്യായവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. സമീപകാലത്ത് തിരുവനന്തപുരത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എടുക്കുന്ന അഞ്ചാമത്തെ കേസാണിത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് നാലു കേസുകളിലും ഡിജിപി ഓഫ് മാര്‍ച്ച് കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ നാലു കേസുകളിലും കോടതി ജാമ്യം അനുവദിച്ചതോടെയാണ് ജയില്‍ മോചിതനായത്.

LEAVE A REPLY

Please enter your comment!
Please enter your name here