രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകിട്ട് അയോധ്യയിലെത്തും. പ്രാണപ്രതിഷ്ഠാ ദിനത്തിൽ സരയൂ സ്‌നാനത്തിന് ശേഷം 2 കിലോമീറ്റർ നടന്ന് ക്ഷേത്രത്തിലെത്തും.
തിങ്കളാഴ്ച രാവിലെയാണ് സരയൂനദിയിൽ സ്നാനം ചെയ്ത ശേഷം 2 കിലോമീറ്ററോളം കാൽനടയായി ക്ഷേത്രത്തിലേക്കു പോകുക. തുടർന്നു ഹനുമാൻഗഡി ക്ഷേത്രത്തിൽ ദർശനം നടത്തും. ചടങ്ങുകൾക്കു മുന്നോടിയായി ഹനുമാന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന കിഷ്കിന്ധയിൽനിന്നുള്ള (കർണാടകയിലെ ഹംപി) രഥം അയോധ്യയിലെത്തി. രാമക്ഷേത്ര ദർശനത്തിനുള്ള പാസ് വിതരണം ആരംഭിച്ചിട്ടുണ്ട്. ഓൺലൈനായി ബുക്ക് ചെയ്യാം.
ദീപാവലി പോലെ ജനുവരി 22 ന് വീട്ടില്‍ മണ്‍വിളക്കുകള്‍ കത്തിച്ചും പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ടും രാമക്ഷേത്ര ഉദ്ഘാടനം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെതിരുന്നു.
കേന്ദ്ര മന്ത്രിമാരോടാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം അവരവരുടെ മണ്ഡലത്തിലെ ജനങ്ങളുടെ അയോധ്യയിലേക്കുള്ള ട്രെയിന്‍ യാത്ര സുഗമമാക്കണമെന്നും അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രിമാരോട് ക്രമീകരണങ്ങള്‍ നേരിട്ട് പരിശോധിക്കാനും അവരുടെ മണ്ഡലത്തിലെ ആളുകളെ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാനും മോദി ആവശ്യപ്പെട്ടിട്ടുണ്ട്. സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ഇതെല്ലാം ലാളിത്യത്തോടെ ചെയ്യണമെന്നും പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരോട് നിര്‍ദ്ദേശിച്ചു.