തൃശൂര്‍: രാമായണവുമായി ബന്ധപ്പെട്ട വിവാദ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഖേദം രേഖപ്പെടുത്തി സിപിഐ തൃശൂര്‍ എംഎല്‍എ പി ബാലചന്ദ്രന്. രാമായണത്തിലെ കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്ന് തുടങ്ങുന്ന ബാലചന്ദ്രന്റെ പോസ്റ്റ് ആണ് വിവാദമായത്. ഇതിന് പിന്നാലെ ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലടക്കം ബാലചന്ദ്രനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. സംഭവം വിവാദമായതോടെ പി ബാലചന്ദ്രന് പോസ്റ്റ് പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഫെയ്സബുക്കിലൂടെ തന്നെയായിരുന്നു എംഎല്‍എയുടെ ഖേദ പ്രകടനം.
‘കഴിഞ്ഞ ദിവസംFB ല്‍ ഞാന്‍ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താല്‍ ഉദ്ദേശിച്ചതല്ല. ഞാന്‍ മിനിറ്റുകള്‍ക്കകം അത് പിന്‍വലിക്കുകയും ചെയ്തു. ഇനി അതിന്റെ പേരില്‍ ആരും വിഷമിക്കരുത്. ഞാന്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നു’- എംഎല്‍എ പോസ്റ്റില്‍ കുറിച്ചു.