‘നവകേരള സദസ് ജനാധിപത്യത്തെ അര്‍ത്ഥവത്താക്കി’; ജനകീയ സംവാദങ്ങളും മുഖാമുഖ ചര്‍ച്ചകളും തുടരുമെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: ജനാധിപത്യത്തെ അര്‍ത്ഥവത്താക്കിയ പരിപാടിയായിരുന്നു നവകേരള സദസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭ ജനങ്ങളോട് നേരിട്ട് സംവദിച്ചു. കേരളാ വികസനത്തിന് ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന പ്രഖ്യാപനമായി നവകേരള സദസ് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവംബര്‍ 18 ആരംഭിച്ച് ഡിസംബര്‍ 23നു സമാപിച്ച നവകേരള സദസെന്നു സംഘാടകരുടെ പ്രതീക്ഷകളെപ്പോലും അപ്രസക്തമാക്കി വലിയ ജനാവലിയാണ് ഓരോ വേദിയിലും പങ്കാളികളായതെന്നു മുഖ്യമന്ത്രി പറഞ്ഞു. ആകെ 138 വേദികളില്‍ ജനകീയ സമ്മേളനങ്ങള്‍ നടന്നു. മന്ത്രിസഭ ഒന്നടങ്കം സംസ്ഥാനത്താകെ സഞ്ചരിച്ചു ജനങ്ങളുമായി നേരിട്ട് സംവദിച്ചു. ഇത്രയേറെ ജനപങ്കാളിത്തമുള്ള മറ്റൊരു പരിപാടിയും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ചൂണ്ടിക്കാണിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സവകേരള സദസില്‍ 6,42,076 പരാതികള്‍ രജിസ്റ്റര്‍ ചെയ്തു. പരാതി പരിഹാരത്തിനായി 20 യോഗങ്ങള്‍ ചേര്‍ന്നു. വകുപ്പ് തലത്തില്‍ തരം തിരിച്ച് കൈമാറുകയാണ്. ജനകീയ സംവാദങ്ങളും മുഖാമുഖ ചര്‍ച്ചകളും തുടരും. ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 3 വരെ വിവിധ ജില്ലകളില്‍ മുഖാമുഖ ചര്‍ച്ചാ പരിപാടി നടക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വ്യത്യസ്ത മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരെ പ്രത്യേകമായി വിളിച്ച് ചേര്‍ക്കും. ആദ്യഘട്ടമെന്ന നിലയില്‍ പത്തു കേന്ദ്രങ്ങളില്‍ വ്യത്യസ്ത മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തിയാണ് മുഖാമുഖ പരിപാടി നടത്തുന്നത്, വിവിധ ജില്ലകളിലായി നടക്കുന്ന മുഖാമുഖം പരിപാടികളില്‍ ഓരോ മേഖലയിലും അനിവാര്യമായ നവകേരള കാഴ്ചപ്പാടുകള്‍ വിശദമായി അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും. മുഖ്യമന്ത്രി പറഞ്ഞു.

ഫെബ്രുവരി 18ന് കോഴിക്കോട് (വിദ്യാര്‍ത്ഥിസംഗമം), 20ന് – തിരുവനന്തപുരം (യുവജനങ്ങള്‍), 22ന് – എറണാകുളം (സ്ത്രീകള്‍), 24 – കണ്ണൂര്‍ (ആദിവാസികളും ദളിത് വിഭാഗങ്ങളും), 25 – തൃശൂര്‍ (സാംസ്‌കാരികം), 26 – തിരുവനന്തപുരം (ഭിന്നശേഷിക്കാര്‍), 27 – തിരുവനന്തപുരം (പെന്‍ഷന്‍കാര്‍, വയോജനങ്ങള്‍), 29 – കൊല്ലം (തൊഴില്‍മേഖല), മാര്‍ച്ച് 02 – ആലപ്പുഴ (കാര്‍ഷികമേഖല), 03 – (എറണാകുളം റസിഡന്‍സ് അസോസിയേഷനുകള്‍) എന്നിങ്ങനെയാണു നിശ്ചയിച്ചിട്ടുള്ള പരിപാടികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here