മഹാരാജാസ് കോളജ് സംഘര്‍ഷം; വിദ്യാര്‍ഥികള്‍ക്ക് കൂട്ടസസ്‌പെന്‍ഷന്‍

0

കൊച്ചി: മഹാരാജാസ് കോളജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് 21 വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെയാണ് സസ്‌പെന്‍ഷന്‍. പതിമൂന്ന് കെഎസ്‌യു- ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെയും എട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍.

സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ അന്വേഷണകമ്മീഷന് മുന്നില്‍ ഹാജരാവാന്‍ വേണ്ടി മാത്രമെ കോളജില്‍ പ്രവേശനനം അനുവദിക്കുകയുള്ളു. ഇന്നലെ കോളജ് തുറന്നെങ്കിലും എസ്എഫ്‌ഐ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി പിഎ അബ്ദുള്‍ നാസറിനെ വെട്ടിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്‌ഐ സമരം തുടരുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോളജില്‍ സംഘര്‍ഷം ആരംഭിച്ചത്

എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥിയുമായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി പിഎ അബ്ദുള്‍ നാസറിന് കോളജില്‍ വെട്ടേല്‍ക്കുകയായിരുന്നു. ഇതിനു പിന്നില്‍ കെഎസ്‌യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്എഫ്‌ഐ ആരോപിച്ചിരുന്നു. എസ്എഫ്‌ഐക്കാര്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരെ ആക്രമണമഴിച്ചു വിടുകയാണെന്ന് ആരോപിച്ച് കെഎസ്‌യുവും രംഗത്തെത്തി.

ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതോടെയാണ് അനിശ്ചിത കാലത്തേക്ക് കോളജ് അടച്ചിടാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോളജ് പ്രത്യേക സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇരു വിഭാഗങ്ങളും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here