കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരില്‍; സുരേഷ് ഗോപി മുഖ്യാതിഥി

0

കണ്ണൂര്‍: എന്‍ഡിഎ ചെയര്‍മാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരില്‍. കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ പര്യടനത്തിനുശേഷമാണ് യാത്ര കണ്ണൂരിലെത്തുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന ഉദ്ഘാടന സദസ്സില്‍ സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കും.

യാത്രയോടനുബന്ധിച്ച് കെ സുരേന്ദ്രന്‍ രാവിലെ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ മടപ്പുരയിലെത്തി ക്ഷേത്ര ദര്‍ശനം നടത്തും. തയ്യിലിലെ മത്സ്യത്തൊഴിലാളികളോടൊപ്പമാണ് പ്രഭാതഭക്ഷണം. മത – സാമുദായിക നേതാക്കളുമായും കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും. മോദി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയ വികസന പദ്ധതികളും കേന്ദ്ര വിരുദ്ധ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയും ജാഥയില്‍ ഉണ്ടാവും. എന്‍ഡിഎ ഘടകകക്ഷി നേതാക്കളും യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ ലോക്‌സഭാ മണ്ഡലങ്ങളിലും മുന്‍കൂട്ടി തീരുമാനിച്ച സ്ഥലത്ത് മാത്രമാണ് പദയാത്ര നടത്തുക.

നാളെ വയനാട്ടിലാണ് പദയാത്ര നടക്കുന്നത്. ജനുവരി 31-ന് വടകരയിലും ഫെബ്രുവരി മൂന്ന് മുതല്‍ ഏഴ് വരെ ആറ്റിങ്ങല്‍, പത്തനംതിട്ട,കൊല്ലം, മാവേലിക്കര തുടങ്ങിയ മണ്ഡലങ്ങളില്‍ പദയാത്ര നടക്കും. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലെ പദയാത്ര ഫെബ്രുവരി ഒമ്പത് മുതല്‍ 12 വരെയാണ് നടക്കുന്നത്.

ഫെബ്രുവരി 14-ന് ഇടുക്കിയിലും 15-ന് ചാലക്കുടിയിലും. ഫെബ്രുവരി 19 മുതല്‍ 21 വരെ മലപ്പുറം, കോഴിക്കോട്, ആലത്തൂര്‍ മണ്ഡലങ്ങളില്‍ നടക്കും. കേരള പദയാത്ര 23-ന് പൊന്നാനിയിലും 24-ന് എറണാകുളത്തും 26-ന് തൃശൂരിലും നടക്കും. 27-ന് പാലക്കാടാണ് കേരളപദയാത്രയുടെ സമാപനം.

LEAVE A REPLY

Please enter your comment!
Please enter your name here