വയനാട്: സുല്‍ത്താന്‍ബത്തേരി ചേകാടിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. മുള്ളന്‍കൊല്ലി മുന്‍ പഞ്ചായത്ത് അംഗം പാളക്കൊല്ലി ചാലക്കല്‍ ഷെല്‍ജന്‍(52), പൊളന്ന ജ്യോതി പ്രകാശ്(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷെല്‍ജനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജ്യോതി പ്രകാശിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വനഗ്രാമമായ ചേകാടിയിലേക്ക് കാറില്‍ പോകവെ വനപാതയില്‍ നിന്നെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികര്‍ ആനയുടെ മുന്നില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. യാത്രക്കാരെ ആന ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.