കണ്ടല ബാങ്ക് ക്രമക്കേട്, ഇഡി കുറ്റപത്രം സമർപ്പിച്ചു; ഭാസുരാംഗനും മക്കളുമടക്കം ആറ് പ്രതികൾ

0

കൊച്ചി: കണ്ടല ബാങ്ക് ക്രമക്കേടിൽ ഇഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു. സിപിഐ മുൻ നേതാവ് എൻ ഭാസുരാംഗനും മകൻ അഖിൽജിത്ത്, ഭാര്യ, രണ്ട് പെൺമക്കൾ എന്നിവര‌ടക്കം ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. മൂന്നു കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് ഇഡി കുറ്റപത്രത്തിൽ പറയുന്നു.

കണ്ടല ബാങ്കിൽ പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ ഭാസുരാംഗന്‍ സ്വന്തം നിലയിലും കുടുംബാംഗങ്ങളുടെ പേരിലും 2.36 കോടി രൂപ വായ്പയെടുത്തുവെന്നു ബാങ്ക് ഭാരവാഹികള്‍ അറിയിച്ചെന്ന് ഇഡി നേരത്തേ കോടതിയെ അറിയിച്ചിരുന്നു. സഹകരണ രജിസ്ട്രാറുടെ അന്വേഷണത്തില്‍ 57 കോടി രൂപയുടെ നഷ്ടം ബാങ്കിനു സംഭവിച്ചെന്നാണ് കണ്ടെത്തൽ.

കുടുംബാംഗങ്ങളുടെ പേരിൽ വ്യാജ വായ്പകൾ തരപ്പെടുത്തി തട്ടിയെടുത്ത പണം പ്രതികൾ പല ബിസിനസ് സംരംഭങ്ങളിലും നിക്ഷേപിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഭാസുരാംഗനും മകൻ അഖിൽജിത്തിനും സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് കുറ്റപത്രം സമർപ്പിച്ചത്. ഇഡി അന്വേഷണം പുരോഗമിക്കുന്നതിനിടെ സിപിഐ ഭാസുരാംഗനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Leave a Reply