‘മുഖം വീര്‍പ്പിച്ച് ഇരുന്നിട്ട് കാര്യമില്ല; 78 സെക്കന്‍ഡ് നയപ്രഖ്യാപനം നടത്തിയ ഗവര്‍ണറും അത് കേട്ടിരുന്ന മുഖ്യമന്ത്രിയും ചരിത്രത്തിന്റെ ഭാഗം’കെ മുരളീധരന്‍

0

കോഴിക്കോട്: ചുവരെഴുത്ത് പ്രവര്‍ത്തകരുടെ ആവേശമാണെന്നും അവരെ തളര്‍ത്തേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വയനാട് ലോക്‌സഭാ സീറ്റ് മുസ്ലീം ലീഗിനില്ലെന്നും വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്നും കെ സുധാകരനൊഴികെ എല്ലാ സിറ്റിങ് എംപിമാരും മത്സരിക്കുമെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

കെഎം മാണി ആത്മകഥ എഴുതുമ്പോള്‍ മനസിലുള്ളതാണ് എഴുതുന്നത്. നിയമസഭയില്‍ മാണിയെ അപമാനിച്ചവരാണ് പുസ്തകം പ്രകാശനം ചെയ്തത്. അത് അദ്ദേഹത്തിന്റെ ആത്മാവ് പൊറുക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. രാമക്ഷേത്രം കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചത് ചടങ്ങ് രാഷ്ട്രീയവല്‍ക്കരിച്ചതിനാലാണ്. വിശ്വാസികള്‍ക്ക് പോകാം പോകാതിരിക്കാം. മതേതര രാഷ്ട്രത്തിലെ പ്രധാനമന്ത്രി ക്ഷേത്ര ചടങ്ങില്‍ യജമാനനാവരുത്. ശശി തരൂര്‍ ശ്രീരാമ ഭക്തനാണ്. താനും ശ്രീരാമ ഭക്തനാണെന്നും മുരളീധരന്‍ പറഞ്ഞു.

നിയമസഭയെ ഗവര്‍ണര്‍ അപമാനിച്ചു. അത് തെറ്റാണ്. ഗവര്‍ണ്ണര്‍ക്ക് സര്‍ക്കാറിനോട് അഭിപ്രായ വ്യത്യാസം ഉണ്ടാകാം. മുഖം വീര്‍പ്പിച്ച് ഇരുന്നിട്ട് കാര്യമില്ല. ഗവര്‍ണ്ണര്‍ സഭയില്‍ വെച്ച് മുഖ്യമന്ത്രിയോട് മുഖം കറുപ്പിച്ചത് തെറ്റാണ്. മുഖ്യമന്ത്രി ചെയ്തതും തെറ്റാണ്. പ്രസംഗം വായിക്കാനുള്ള ആരോഗ്യ കുറവ് ഗവര്‍ണര്‍ക്കില്ല. 78 സെക്കന്റ് മാത്രം നയപ്രഖ്യാപനം നടത്തി ഗവര്‍ണര്‍ ചരിത്രത്തിലിടം നേടി. അത് കേട്ടിരുന്ന മുഖ്യമന്ത്രിയും ചരിത്രത്തിന്റെ ഭാഗമായെന്നും മുരളീധരന്‍ പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here