കൊച്ചി: അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി 11 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി എറണാകുളം ഗസ്റ്റ് ഹൗസില്‍ ഉറങ്ങിയത് നിലത്ത് കിടന്ന്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ എത്തിയ മോദി എറണാകുളം ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. രാത്രിയില്‍ പഴവര്‍ഗങ്ങള്‍ മാത്രമാണ് മോദി കഴിച്ചത്.സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കുന്നതിനും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനുമായി രാവിലെ ഗുരുവായൂരിലേക്ക് പോകുംമുന്‍പെ, കരിക്കിന്‍ വെള്ളം മാത്രമാണ് മോദി കുടിച്ചതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വാഴക്കുളം പൈനാപ്പിളും കരിക്കുമായാണ് മോദി കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങിയത്. 20 കരിക്കുമായാണ് മോദി ഡല്‍ഹിയിലേക്ക് തിരികെ പോയത്. ചെത്താത്ത കരിക്ക് ആണ് പ്രധാനമന്ത്രിയുടെ ലഗേജിന്റെ കൂട്ടത്തില്‍ ഇടംപിടിച്ചത്.പ്രത്യേകം പായ്ക്ക് ചെയ്താണ് നെടുമ്പാശേരി വിമാനത്താവളം വഴി ഡല്‍ഹിയിലേക്ക് കരിക്ക് കൊടുത്തുവിട്ടത്.
മോദി സസ്യാഹാരി ആയത് കൊണ്ട് എറണാകുളം ഗസ്റ്റ് ഹൗസില്‍ പ്രത്യേക അടുക്കള തന്നെ തയ്യാറാക്കുകയായിരുന്നുവെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍ ബിനീത് മേരി ജാന്‍ പറഞ്ഞു. ‘വാഴക്കുളത്ത് നിന്ന് ഞങ്ങള്‍ ഒന്നാംതരം പൈനാപ്പിള്‍ കൊണ്ടുവന്നു. ആപ്പിള്‍, ഓറഞ്ച്, തണ്ണിമത്തന്‍, ഡ്രൈ ഫ്രൂട്ട്സ് എന്നിവ കൂടാതെ പ്രാദേശികമായി കൃഷി ചെയ്ത ഡ്രാഗണ്‍ഫ്രൂട്ട്, പേരക്ക, പപ്പായ എന്നിവയും ഞങ്ങള്‍ ഒരുക്കി. അത്താഴത്തിന്, ഞങ്ങള്‍ പുഴുങ്ങിയ അരി, ബസ്മതി അരി, ഫുല്‍ക്ക എന്നിവയ്ക്ക് പുറമേ രാജ്മ ദാല്‍ ആലു, ഗോബി തുടങ്ങിയ ഉത്തരേന്ത്യന്‍ വിഭവങ്ങളും തയ്യാറാക്കി. അവിയല്‍, ഓലന്‍, കാളന്‍ തുടങ്ങിയ കേരള വിഭവങ്ങളും ഉണ്ടായിരുന്നു,- ബിനീത് മേരി ജാന്‍ പറഞ്ഞു.
എന്നാല്‍ മോദി പപ്പായയും പൈനാപ്പിളും മാത്രമാണ് കഴിച്ചത്. ‘വാഴക്കുളം പൈനാപ്പിളിന്റെ രുചി അദ്ദേഹത്തിന് ഇഷ്ടമായി. മുന്‍ സന്ദര്‍ശനത്തില്‍ കട്ടിക്കൂടിയ മെത്തയോടായിരുന്നു അദ്ദേഹത്തിന് ഇഷ്ടം ഉണ്ടായിരുന്നത്. അതിനാല്‍ ഞങ്ങള്‍ കയര്‍ഫെഡില്‍ നിന്ന് ഒരു കയര്‍ മെത്ത വാങ്ങി. എന്നാല്‍ നിലത്ത് യോഗ മാറ്റില്‍ കിടന്നാണ് അദ്ദേഹം ഉറങ്ങിയത്. പായയില്‍ ഇടാന്‍ ഞങ്ങള്‍ അദ്ദേഹത്തിന് മൂന്ന് ബെഡ്ഷീറ്റുകള്‍ നല്‍കി’- ബിനീത് കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച രാവിലെ 6 മണിയോടെ കരിക്കിന്‍ വെള്ളം മാത്രം കഴിച്ചാണ് മോദി ഗസ്റ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയത്. ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ പ്രഭാതഭക്ഷണത്തിനായി ഇഡ്ഡലി, ദോശ, അപ്പം, പുട്ട്, പാല്‍, പഴച്ചാറുകള്‍ എന്നിവ തയ്യാറാക്കിയിരുന്നു. തൃശൂര്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെ പാചകവിദഗ്ധര്‍ ഗുരുവായൂരിലെത്തി അദ്ദേഹത്തിന് പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു.
ബുധനാഴ്ച എറണാകുളം ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ വില്ലിംഗ്ടണ്‍ വേദിയില്‍ എത്തി പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണം നല്‍കി. ഗസ്റ്റ് ഹൗസില്‍ വച്ച് പ്രധാനമന്ത്രിക്കും അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കും വേണ്ടി 26 വിഭവങ്ങള്‍ അടങ്ങിയ പ്രത്യേക കേരള സദ്യ ഒരുക്കിയിരുന്നു. എന്നാല്‍, മറൈന്‍ ഡ്രൈവിലെ ചടങ്ങിന് ശേഷം പ്രധാനമന്ത്രി നേരെ നാവികസേന വിമാനത്താവളമായ ഐഎന്‍എസ് ഗരുഡയിലേക്ക് പോയി. അവിടെ നിന്ന് ഡല്‍ഹിയിലേക്കുള്ള പ്രത്യേക വിമാനത്തില്‍ കയറാന്‍ കൊച്ചി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു.