തൃശൂര്‍: തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഡിഎഫിനെതിരെ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് ടി എന്‍ പ്രതാപന്‍ എംപി. പ്രധാനമന്ത്രിയും യുഡിഎഫും തമ്മിലാണു തൃശൂരിലെ മത്സരമെന്ന രീതിയിലാണ് കാണുന്നതെന്നും ഒരു തരത്തിലുമുള്ള ആശങ്കയില്ലെന്നും പ്രതാപന്‍ പറഞ്ഞു.
ഇന്ത്യയുടെ പ്രധാനമന്ത്രി രണ്ടാം തവണയും തൃശൂര്‍ വരുമ്പോള്‍ അദ്ദേഹം മണിപ്പൂരില്‍ പോകാത്തതില്‍ സങ്കടമുണ്ട്. മാതാവിന്റെ വിശുദ്ധരൂപം തകര്‍ക്കപ്പെട്ട മണിപ്പുരില്‍ വിശ്വാസികളുടെ ഹൃദയവികാരങ്ങള്‍ എന്നെപ്പോലെയുള്ള ദൈവവിശ്വാസികളുടെ മനസ്സിലുണ്ട്. തൃശൂരിലെ പതിനായിരക്കണക്കിനു വരുന്ന സത്യവിശ്വാസികളുടെ ഹൃദയത്തിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”അച്ചന്‍മാരേയും കന്യാസ്ത്രീകളേയും ആക്ഷേപിച്ചതും വിശ്വാസികളുടെ മനസ്സിലുണ്ട്. അവിടെയൊന്നും ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി എത്തിയില്ല.മണിപ്പുരിലെ പാപക്കറ കിരീടം വെച്ചതുകൊണ്ടോ വഴിപാട് നടത്തിയതുകൊണ്ടോ പ്രധാനമന്ത്രിക്കും ബിജെപിക്കും കഴുകിക്കളയാന്‍ കഴിയില്ല. അതിന്റെ വേദന മനസ്സിലാക്കിക്കൊടുക്കാന്‍ പറ്റിയ സ്ഥലം തട്ടില്‍ പിതാവിന്റെ മണ്ണാണ്”. പ്രതാപന്‍ പറഞ്ഞു.