ആരോഗ്യ ഇന്‍ഷുറന്‍സ്: നിലവിലെ പോളിസിയില്‍ തുടരണോ? പുതിയതിലേക്ക് മാറണോ?

0

കുടുംബത്തിന് മൊത്തമായി പരിരക്ഷ ഉറപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണമെന്നുണ്ട്. ഏത് കമ്പനിയുടെ പോളിസിയാണ് മികച്ചത്? പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി നിരവധി ഇന്‍ഷുറന്‍സ് കമ്പനികളും അവയ്ക്കായി നിരവധി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളും ഇന്ന് വിപണിയിലുണ്ട്. പോളിസിയില്‍ ചേരുമ്പോഴോ പുതുക്കുമ്പോഴോ പോര്‍ട്ട് ചെയ്യുമ്പോഴോ ഓരോരുത്തരുടെയും മനസില്‍ ആവര്‍ത്തിക്കുന്ന ചോദ്യവും ഇതുതന്നെ. ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോയാണ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുംമുമ്പ് പൊതുവായി പരിഗണിക്കുന്നത്. അതൊടൊപ്പം പ്രീമിയം-ക്ലെയിം അനുപാതവും നോക്കാം.

ക്ലെയിം അനുപാതം?
പ്രത്യേക കാലയളവില്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ മൊത്തം ക്ലെയിമുകളുടെ ശതമാനമാണ് ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ. അതായത് ഒരു കമ്പനിയുടെ ക്ലെയിം സെറ്റില്‍മെന്റ് അനുപാതം 92 ശതമാനം ആണെന്നു കരുതുക. ഫയല്‍ ചെയ്ത 100 ക്ലെയിമുകളില്‍ 92 എണ്ണത്തിന്റെയും തീര്‍പ്പാക്കല്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കിയെന്നതാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്.

പ്രീമിയം-ക്ലെയിം തുക അനുപാതം
നിശ്ചിത കാലയളവില്‍ സമാഹരിച്ച പ്രീമിയവും അതോടൊപ്പം ക്ലെയിമിനത്തില്‍ നല്‍കിയ തുകയുമാണ് ഇവിടെ(Incurred Claim ratio) കണക്കാക്കുന്നത്. ഉദാഹരണത്തിന്, ഈയിനത്തില്‍ ഒരു കമ്പനിയുടെ അനുപാതം 90 ശതമാനം ആണെന്നിരിക്കട്ടെ. ഇവിടെ പ്രീമിയമായി ലഭിക്കുന്ന ഓരോ 100 രൂപയ്ക്കും നിശ്ചിത വര്‍ഷം കമ്പനി 90 രൂപ ചെലവഴിക്കുന്നു.

ഓരോ വര്‍ഷവും കമ്പനികള്‍ ക്ലെയിം തീര്‍പ്പാക്കിയത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആര്‍ഡിഎഐ) പുറത്തിറക്കാറുണ്ട്. 2024ലെ കണക്കുകള്‍ ഇത് സംബന്ധിച്ച് വ്യക്തത നല്‍കും. ഒരു കമ്പനി പ്രീമിയം സ്വീകരിക്കുന്നതും അതില്‍നിന്ന് എത്രത്തോളം തുക ക്ലെയിമിനത്തില്‍ ഉപഭോക്താവിന് നല്‍കുന്നുണ്ടെന്നുമുള്ള വിവരങ്ങള്‍ അറിയാന്‍ അത് സഹായിക്കും(ഗ്രാഫ് കാണുക). കുറഞ്ഞ അനുപാതമാണെങ്കില്‍, ക്ലെയിമുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിമുഖത കാണിക്കുന്ന കമ്പനിയാണെന്ന് മനസിലാക്കാം. അതേസമയം, ദീര്‍ഘകാലയളവില്‍ വളരെ ഉയര്‍ന്ന അനുപാതം മികച്ചതായും കാണേണ്ടതില്ല. കാരണം കമ്പനിയുടെ നിലനില്പിനെ തന്നെ ബാധിക്കുന്നതാണത്.

2022-23 കാലയളവിലെ ഐആര്‍ഡിഎഐയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാര്‍ച്ച് 31വരെ ഇന്‍ഷുറന്‍സ് കമ്പനികള്‍ 86 ശതമാനം ക്ലെയിമുകളാണ് തീര്‍പ്പാക്കിയത്. എട്ട് ശതമാനം നിരസരിക്കുകയും ചെയ്തു. ബാക്കിയുള്ള ആറ് ശതമാനം മാര്‍ച്ച് 31വരെ തീര്‍പ്പാക്കാതെയുമിട്ടു. 2022-23ല്‍ ജനറല്‍-ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ക്ക് കീഴിലുള്ള ക്ലെയിമുകളുടെ മൊത്തം തുക 64,631 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തുകയില്‍ രണ്ട് ശതമാനമാണ് വര്‍ധന. അതേസമയം, ആരോഗ്യ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ ക്ലെയിമുകള്‍ക്കായി മൊത്തം ചെലവഴിച്ച തുകയില്‍ കുറവുണ്ടായി. 2021-22 കാലയളവിലെ 109 ശതമാനത്തില്‍നിന്ന് 2022-23 89 ശതമാനമായാണ് കുറഞ്ഞത്. കോവിഡ് മഹാമാരിയെ തുടര്‍ന്നാകാം 2021-22 കാലയളവില്‍ ഉയര്‍ന്ന തുക ചെലവഴിക്കേണ്ടിവന്നത്.

2022-23 കാലയളവില്‍ 2.36 കോടി ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകളാണ് കമ്പനികള്‍ തീര്‍പ്പാക്കിയത്. ഇതിനായി 70,930 കോടി രൂപയാണ് ചെലവഴിച്ചത്. അതായത് ഒരു ക്ലെയിമിന് ശരാശരി ചെലവഴിച്ചത് 30,087 രൂപ. 75 ശതമാനം ക്ലെയിമുകളും ടിപിഎ(തേഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍)വഴിയും 25 ശതമാനം കമ്പനികളുടെ നേരിട്ടുള്ള സംവിധാനംവഴിയുമാണ്. മൊത്തം ക്ലെയിമുകളില്‍ 56 ശതമാനവും കാഷ്‌ലെസ് സംവിധാനംവഴിയായിരുന്നു. 42 ശതമാനം റീഇംബേഴ്‌സ്‌മെന്റിലൂടെയും. ഈ രണ്ട് സംവിധാനവും ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ട് ശതമാനവും ക്ലെയിം തീര്‍പ്പാക്കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ക്ലെയിം അനുപാതം വിലയിരുത്താം
പോളിസി വാങ്ങും മുമ്പോ, പോര്‍ട്ട് ചെയ്യും മുമ്പോ മുകളില്‍ വിശദീകരിച്ച രണ്ട് അനുപാതങ്ങളും നോക്കാം. ക്ലെയിമിനത്തില്‍ നല്‍കിയ മൊത്തം തുക ഉയര്‍ന്നതോ കുറവോ ആയിരിക്കരുത്. ഈ തുക 110 ശതമാനമാണെങ്കില്‍, സമാഹരിക്കുന്ന പ്രീമിയത്തേക്കാള്‍ കൂടുതല്‍ തുക ക്ലെയിമുകള്‍ക്കായി വിനിയോഗിക്കുന്നുവെന്ന് മനസിലാക്കാം. ഇത് കമ്പനിയെ ഭാവിയില്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. അല്ലെങ്കില്‍ പ്രീമിയം തുകയില്‍ ഭാവിയില്‍ കാര്യമായ വര്‍ധന ഉണ്ടായേക്കാം. 80 ശതമാനത്തിനും 100 ശതമാനത്തിനും ഇടയിലാണ്‌ അനുപാതമെങ്കില്‍ ന്യായമാണെന്ന് കാണക്കാക്കാം. 60 ശതമാനത്തില്‍ താഴെയാണെങ്കില്‍ ക്ലെയിം തീര്‍പ്പാക്കുന്നതിലുള്ള വിമുഖതയും 100 ശതമാനത്തില്‍ മുകളിലാണെങ്കില്‍ ലാഭക്ഷമതയെയും സൂചിപ്പിക്കുന്നു. 60 ശതമാനത്തിന് താഴെയാണെങ്കില്‍ ലഭിക്കുന്ന ക്ലെയിമുകളില്‍ ഏറെയും കമ്പനി നിസരിക്കുന്നതിന്റെ സൂചനയായി കാണാം. ഇത്തരം സാധ്യതകള്‍ വിലയിരുത്തിക്കൊണ്ട് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളില്‍ ചേരുകയോ പുതുക്കുകയോ മറ്റ് കമ്പനികളിലേയ്ക്ക് പോര്‍ട്ട് ചെയ്യുകയോ ചെയ്യാം.

കെയർ ഹെൽത്ത്, നിവ ബുപ, ലിബർട്ടി തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഹെൽത്ത് ഇൻഷൂറൻസ് പ്ലാനുകളെ പറ്റി കൂടുതൽ അറിയാൻ…. 8891529555, 8086799988

Leave a Reply