സൗജന്യ യൂണിഫോം: നെയ്ത്ത് തൊഴിലാളികള്‍ക്ക് ദിവസ വരുമാനം 600ലേറെ രൂപ; 20 കോടി അനുവദിച്ച് സര്‍ക്കാര്‍

0

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയുമായി ബന്ധപ്പെട്ട് നെയ്ത്ത് തൊഴിലാളികള്‍ക്ക് 20 കോടി രൂപ അനുവദിച്ചു. കൂലി ഇനത്തിലാണ് ഈ തുക അനുവദിച്ചിരിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ആറായിരത്തിലധികം നെയ്ത്തുകാര്‍ക്ക് തൊഴില്‍ നല്‍കുന്നതിനൊപ്പം രണ്ടായിരത്തോളം അനുബന്ധ തൊഴിലും സൃഷ്ടിക്കുന്ന പദ്ധതിയാണിതെന്നും മന്ത്രിയുടെ കുറിപ്പില്‍ പറഞ്ഞു. നേരത്തെ 53 കോടി രൂപയും ലഭ്യമാക്കിയിരുന്നുവെന്നും മന്ത്രി കുറിപ്പിലൂടെ വ്യക്തമാക്കി.

കേരളത്തിലെ പരമ്പരാഗത തൊഴില്‍ മേഖലയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൈത്തറി വസ്ത്ര മേഖലയുടെ ഉന്നമനം ലക്ഷ്യമാക്കി 2016-17 സാമ്പത്തിക വര്‍ഷം മുതലാണ് സൗജന്യ കൈത്തറി സ്‌ക്കൂള്‍ യൂണിഫോം പദ്ധതി ആരംഭിക്കുന്നത്. ഈ പദ്ധതി നടപ്പിലാക്കിയതിനുശേഷം നെയ്ത്ത് തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങളും, മെച്ചപ്പെട്ട വേതനം ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഗുണമേന്മയേറിയ കൈത്തറി തുണി(രണ്ട് ജോടി വീതം) നല്‍കുന്നതിനും സാധിച്ചിട്ടുണ്ടെന്നും ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറയുന്നു.

സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി നടപ്പില്‍ വരുത്തുന്നതിനു മുന്‍പ് 100 രൂപയില്‍ താഴെ ദിവസക്കൂലിയില്‍ ഏതാനും ദിവസങ്ങളില്‍ മാത്രമാണ് നെയ്ത്ത്കാര്‍ക്ക് തൊഴില്‍ ലഭ്യമായിരുന്നത്. എന്നാല്‍ ഈ പദ്ധതി നടപ്പിലാക്കിയതിനുശേഷം ഒരു നെയ്ത്തുകാരന് നെയ്യുന്നതിനനുസരിച്ച് 600 ല്‍ അധികം രൂപ ദിവസ വരുമാനവും, 250ല്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങളും ലഭ്യമാകുന്നുണ്ട്. ഇതുവരെ 250 കോടിയോളം രൂപ നെയ്ത്ത് കൂലി ഇനത്തില്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here