പഫ്‌സ് കഴിച്ച് ഭക്ഷ്യവിഷബാധ, വർഷങ്ങൾ നീണ്ട നിയമപോരാട്ടം; 50,000 നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

0

പഫ്‌സ് കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ കുടുംബത്തിന് അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിർദേശിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു, ഭാര്യ സുജ, മക്കളായ നാഥന്‍, നിധി എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.

മൂവാറ്റുപുഴയിലെ സുശീലാ ബേക്കറി ഉടമ കെ.എന്‍. ഭാസ്‌കരനെതിരെ സമര്‍പ്പിച്ച പരാതിയിലാണ്, ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്റെ ഉത്തരവ്.
2019 ജനുവരി 26നാണ് മൂവാറ്റുപുഴയിലെ സുശീലാ ബേക്കറിയില്‍ നിന്നും കുടുംബം പഫ്‌സ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കഴിച്ചത്. തുടര്‍ന്ന് വയറു വേദനയും ഛർദിയും അനുഭവപ്പെട്ട കുടുംബം, ചികിത്സ തേടുകയും ഭക്ഷ്യസുരക്ഷാ വകുപ്പിനും ആരോഗ്യവകുപ്പിനും പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഭക്ഷ്യവസ്തുക്കള്‍ തുറന്ന മാറാലയും എട്ടുകാലിയുമുള്ള സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്നതായും പ്രാണികള്‍ ഉള്ള ബ്രോക്കണ്‍ നട്ട്‌സും ബേക്കറിയില്‍ നിന്നും കണ്ടെത്തി. മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിലും ബേക്കറിയുടെ ശുചിത്വത്തില്‍ അപാകത കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 3000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.

ബേക്കറിയുടെ സേവനത്തിൽ അപര്യാപ്തതയും അധാർമികമായ കച്ചവട രീതിയും ഉണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ. വിവരാവകാശ നിയമം ഉൾപ്പെടെ ഉപയോഗിച്ച് നിയമപോരാട്ടം നടത്തിയ കുടുംബത്തെ കോടതി അഭിനന്ദിക്കുകയും ചെയ്തു. ബേക്കറി ഉടമ 30 ദിവസത്തിനകം 50,000 രൂപ പരാതിക്കാർക്ക് നൽകണമെന്നാണ് കോടതി ഉത്തരവ്

സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണത്തിനുള്ള അവകാശം ജീവിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. 30 ദിവസത്തിനകം 50,000 രൂപ പരാതിക്കാര്‍ക്ക് ബേക്കറി ഉടമ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here