കൊച്ചിയില്‍ ഡാര്‍ക്ക് നെറ്റ് വഴി കോടികളുടെ ലഹരി ഇടപാട്; 326 എല്‍എസ്ഡി സ്റ്റാമ്പുകളും എട്ടു ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി; ഏഴു പേര്‍ പിടിയില്‍

0

കൊച്ചി: ഡാര്‍ക്ക് നെറ്റ് വഴി കോടികളുടെ ലഹരി ഇടപാടു നടത്തിയ സംഘം പിടിയില്‍. ഏഴുപേരാണ് കൊച്ചിയില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. രാജ്യാന്തര ബന്ധമുള്ള ലഹരിമാഫിയാ സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് എന്‍സിബി സൂചിപ്പിച്ചു.

ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കല്‍ ആണ് ഇടപാടുകളുടെ സൂത്രധാരന്‍. ജര്‍മ്മനിയില്‍ നിന്നു വന്ന പാഴ്‌സലുമായി ബന്ധപ്പെട്ട അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്. കഴിഞ്ഞദിവസമാണ് കൊച്ചിയിലെ വിദേശ പാഴ്‌സല്‍ ഓഫീസില്‍ പാഴ്‌സല്‍ എത്തുന്നത്. ഇതു പരിശോധിച്ചപ്പോള്‍ പത്ത് എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെത്തി. അതിന്റെ അഡ്രസ് അടക്കം പരിശോധിച്ചുള്ള അന്വേഷണത്തിലാണ് ശരതിലേക്കെത്തുന്നത്.

ശരതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍സിബി അധികൃതര്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെ ആറിടത്താണ് പരിശോധന നടത്തിയത്.

ഈ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. പരിശോധനയില്‍ 326 എല്‍എസ്ഡി സ്റ്റാമ്പുകളും എട്ടു ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. കുറേനാളുകളായി പ്രതികള്‍ എല്‍എസ്ഡി സ്റ്റാമ്പുകള്‍ എത്തിച്ചിരുന്നതായും, കോടികളുടെ ഇടപാട് നടത്തിയതായും എന്‍സിബി ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

Leave a Reply