കൊച്ചി∙ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ടി.എച്ച്. മുസ്തഫ (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരുന്നു. അഞ്ചു തവണ നിയമസഭാഗംമായി. കബറടക്കം ഞായറാഴ്ച രാത്രി 8ന് മാറമ്പള്ളി ജമാഅത്ത് കബര്‍സ്ഥാനില്‍.
എറണാകുളം പെരുമ്പാവൂർ വാഴക്കുളത്ത് ടി.കെ.എം.ഹൈദ്രോസിന്റെയും ഫാത്തിമ ബീവിയുടേയും മകനായി 1941 ഡിസംബർ ഏഴിനാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായ അദ്ദേഹം, യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ 14 വർഷം ഡിസിസി പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.
1977ൽ ആലുവയില്‍ നിന്ന് ആദ്യമായി നിയമസഭാംഗമായ അദ്ദേഹം, കുന്നത്തുനാട് മണ്ഡലത്തിൽ നിന്ന് നാലു തവണയും നിയമസഭയിലെത്തി. കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.