സർക്കാർ സ്കൂളിലെ ശുചിമുറികൾ വിദ്യാർത്ഥികളെ കൊണ്ട് പ്രിൻസിപ്പൽ വൃത്തിയാക്കിച്ചതായി പരാതി. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. കുട്ടികളെ പ്രിൻസിപ്പലിന്റെ വസതിയിൽ കൊണ്ടുവന്ന് പുറംജോലികൾ ചെയ്യിച്ചതായും പരാതിയുണ്ട്. കഴിഞ്ഞ ഒരു വർഷമായി പ്രിൻസിപ്പൽ ഈ പ്രവൃത്തി അവർത്തിക്കുകയാണെന്നും ആക്ഷേപം.
ന്യൂനപക്ഷ ഡയറക്ടറേറ്റിന് കീഴിൽ കർണാടക സർക്കാർ സംസ്ഥാനത്തുടനീളം ആരംഭിച്ച മൗലാന ആസാദ് മോഡൽ സ്കൂളുകളിലൊന്നിലാണ് സംഭവം. പ്രിൻസിപ്പലിനെതിരെ ഒരു വിദ്യാർത്ഥിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ശുചീകരണ വിഭാഗത്തിൽ ആവശ്യത്തിന് തൊഴിലാളികൾ ഇല്ലെന്ന കാരണം പറഞ്ഞാണ് കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുന്നതെന്ന് സമീർ പരാതിയിൽ പറയുന്നു.
കുട്ടികളിൽ നിന്ന് വിവരം അറിഞ്ഞയുടൻ രക്ഷിതാക്കൾ പ്രിൻസിപ്പലിനെ കണ്ടു. ശുചീകരണ വിഭാഗത്തിൽ ആവശ്യത്തിന് തൊഴിലാളികൾ ഇല്ലെന്നായിരുന്നു അവരുടെ മറുപടിയെന്നും സമീർ. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.