തിരുവനന്തപുരം: ഗായിക കെഎസ് ചിത്ര രാജ്യത്തിന്റെ പൊതുസ്വത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. അവരെ ഏതെങ്കിലും ഒരുവിഭാഗത്തിന്റെ കള്ളികളിലാക്കേണ്ടതില്ല. വിമര്‍ശാനത്മകമായി അവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിനോട് വിയോജിക്കാം. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അവരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ലോകം ശ്രദ്ധിക്കുന്ന പാട്ടുകള്‍ രാജ്യത്തിന് നല്‍കിയ പ്രതിഭയാണ് ചിത്ര. അവര്‍ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ എതിര്‍ക്കുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ല. നേരത്തെ ബിജെപിയുടെ പരിപാടിയില്‍ നടിയും നര്‍ത്തകിയുമായ ശോഭന പങ്കെടുത്തിരുന്നു. ഇവരെല്ലാം നാടിന്റെ പൊതുസ്വത്താണ്. അവരെ ഏതെങ്കിലും ഒരു കളളിയില്‍ ആക്കേണ്ടതില്ല. അവരുടെ നിലപാടുമായി ബന്ധപ്പെട്ട് വിമര്‍ശനാത്മകമായി എല്ലാവര്‍ക്കും പറയാം. മോഹന്‍ലാലും മമ്മൂട്ടിയും സിനിമരംഗത്തെ അതികായരാണ്. അതുപോലെ സാഹിത്യരംഗത്ത് എംടി, ടി പത്മനാഭന്‍, മുകുന്ദന്‍ എന്നിവരെല്ലാം. ഏതെങ്കിലും പദപ്രയോഗത്തിന്റെ അടിസ്ഥാനത്തില്‍ അവരെ തള്ളിപ്പറയേണ്ടതില്ല. ചിത്രയുമായി ബന്ധപ്പെട്ട കാര്യത്തിലും അത് തന്നെയാണ് പാര്‍ട്ടി നിലപാട് എന്നും ഗോവിന്ദന്‍ പറഞ്ഞു.
വിശ്വാസത്തെ രാഷ്ട്രീയ വത്കരിക്കുകയെന്ന വര്‍ഗീയ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ അമ്പലനിര്‍മാണവും അവര്‍ രാഷ്ട്രീയവത്കരണത്തിനായി ഉപയോഗിക്കുന്നു. പൂര്‍ത്തിയാകാത്ത രാമക്ഷേത്രമാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്നത്. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ഇന്ധനമായാണ് ഇതിനെ ബിജെപി കാണുന്നത്. ആചാരത്തിനും വിശ്വാസപ്രമാണങ്ങള്‍ക്കും നിരക്കുന്നതല്ല ഉദ്ഘാടനമെന്നാണ് ശങ്കരാചാര്യര്‍ തന്നെ പറയുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു
ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടത്തുന്ന സമരത്തില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേന്ദ്രസര്‍ക്കാര്‍ സമീപനത്തെ തുടര്‍ന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കേണ്ട ആനൂകൂല്യമാണ് നഷ്ടമാകുന്നത്. പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ല. ജനങ്ങളുടെ പ്രശ്‌നമല്ല, രാഷ്ട്രീയ ഉന്നമനമാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. പ്രതിപക്ഷം ജനങ്ങള്‍ക്കൊപ്പമല്ല. രാഷ്ട്രീയ താത്പര്യമാണ് അവര്‍ക്ക് വലുതെന്ന് ഇതിലൂടെ വ്യക്തമായെന്ന് ഗോവിന്ദന്‍ പറഞ്ഞു. സമരവുമായി യോജിക്കേണ്ടതില്ലെന്ന കാര്യത്തില്‍ യുഡിഎഫില്‍ ഭിന്നാഭിപ്രായമുണ്ടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.