പൊലീസ് സ്റ്റേഷനിൽ ഒരു വർഷം മുമ്പ് നടന്ന പൊലീസ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ചോർന്നു; അന്വേഷണം

0

എറണാകുളം അമ്പലമേട് പൊലീസ് സ്റ്റേഷനിൽ ഒരു വർഷം മുമ്പ് നടന്ന പൊലീസ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ചോർന്നു. എസ്ഐ പിപി റെജി സ്റ്റേഷനിലെത്തിയ പ്രതിയെ കുനിച്ചു നിർത്തി മർദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പിപി റെജിയോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടതെന്നാണ് വിവരം.

2023 ജനുവരിയിൽ അമ്പലമേട് പൊലീസ് സ്റ്റേഷനിൽ നടന്ന മർദനത്തിന്റെ ദൃശ്യങ്ങളാണിത്. എസ്ഐ പിപി റെജിയാണ് പ്രതിയെ മർദിക്കുന്നത്.
ഭാര്യയേയും മക്കളേയും മർദിക്കുന്നെന്ന പരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതിക്കാണ് മർദനമേറ്റത്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ തന്നെയാണ് പ്രചരിക്കുന്നത്.

സ്റ്റേഷൻ ഹാർഡ് ഡിസ്കിൽ ആറ് മാസം വരെയാണ് ദൃശ്യങ്ങൾ സൂക്ഷിക്കാറുള്ളത് എന്നിരിക്കെ ഒരു വർഷത്തിനു ശേഷം ദൃശ്യങ്ങൾ എങ്ങനെ പുറത്ത് വന്നെന്ന ചോദ്യമാണ് ഉയരുന്നത്. എസ് ഐ പിപി റജിയോട് വ്യക്തിവൈരാഗ്യമുള്ള സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സൂക്ഷിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. പിപി റെജി കമ്മീഷണർക്ക് പരാതി നൽകിയതോടെ ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here