തൃശൂര്‍: ശ്രീരാമനെതിരെ വിവാദപരാമര്‍ശം നടത്തിയ സിപിഐ എംഎല്‍എ പി ബാലചന്ദ്രനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. രാമായണത്തിലെ രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്നുള്ള കുറിപ്പാണു വിവാദമായത്. വിവാദമായതിന് പിന്നാലെ എംഎല്‍എ ഫെയ്‌സ്ബുക്ക് കുറിപ്പ് പിന്‍വലിച്ചിരുന്നു.
ശ്രീരാമനെയും ലക്ഷ്മണനെയും സീതയെയും അവഹേളിക്കുന്നതും, വികൃതമായും വികലമായും ചിത്രീകരിക്കുന്നതും അറപ്പുളവാക്കുന്നതുമാണ് സാമൂഹിക മാധ്യമത്തില്‍ എംഎല്‍എ പങ്കുവച്ച കുറിപ്പെന്നും പരാതിയില്‍ പറയുന്നു. കുറിപ്പ് ഹിന്ദുവിശ്വാസിയായ തന്റെ മതവികാരം വ്രണപ്പെടുത്തിയതായും സമൂഹത്തില്‍ കലാപമുണ്ടാക്കുന്നതിനും മതസ്പര്‍ധ വര്‍ധിപ്പിക്കുന്നതും അതുവഴി സമൂഹത്തിന്റെ ക്രമസമാധാനവും പൊതുസമാധാനും തകര്‍ക്കുന്നതാണ് കുറിപ്പെന്നും പരാതിയില്‍ പറയുന്നു. എംഎല്‍എക്കെതിരെ മതവികാരം വൃണപ്പെടുത്തിയതിനും സമൂഹത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും നിയമനടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയി പരാതിയില്‍ പറയുന്നു.
അതേസമയം, പി ബാലചന്ദ്രന്റെ വിവാദ ഫെയ്‌സ് ബുക്ക് പോസ്റ്റിനെ തള്ളി സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തി. എംഎല്‍എയ്ക്ക് തെറ്റ് പറ്റിയെന്നും കുറിപ്പില്‍ പങ്കുവച്ചത് പാര്‍ട്ടി നിലപാട് അല്ലൈന്നും ജില്ലാ സെക്രട്ടറി കെകെ വത്സരാജ് അറിയിച്ചു.