കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു; കേന്ദ്ര നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

0

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വിഷയത്തില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു കൊണ്ട് കേന്ദ്രം പുറത്തിറക്കിയ രണ്ട് ഉത്തരവുകള്‍ക്കെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്. ഭരണഘടനയുടെ അനുഛേദം 131 പ്രകാരം കേരളം സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയും അടിയന്തിരമായി കടമെടുക്കാന്‍ ആവശ്യപെട്ടുള്ള അപേക്ഷയുമാണ് കോടതി പരിഗണിക്കുക.

സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നുവെന്നാണ് കേരളം ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. പെന്‍ഷന്‍ നല്‍കുന്നതിനും മറ്റ് ക്ഷേമ പദ്ധതികളുടെ നടത്തിപ്പിനും അടിയന്തരമായി കടമെടുക്കാന്‍ അനുവദിച്ചു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നു കേരളം കോടതിയില്‍ ആവശ്യപെട്ടിട്ടുണ്ട്.കേന്ദ്രതീരുമാനം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സമ്പദ് വ്യവസ്ഥയില്‍ വന്‍ ആഘാതം സൃഷ്ടിക്കാമെന്നും ഹര്‍ജിയില്‍ കേരളം വിശദീകരിച്ചിട്ടുണ്ട്.

Leave a Reply