ഭാരത് ജോഡോ ന്യായ് യാത്ര; ഉപാധികളോടെ അനുമതി നല്‍കി മണിപ്പൂര്‍

0

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഉപാധികളോടെ അനുമതി നല്‍കി മണിപ്പൂര്‍ സര്‍ക്കാര്‍. പരിമിതമായ ആളുകളെ ഉള്‍പെടുത്തി പാലസ് ഗ്രൗണ്ടില്‍ ഉദ്ഘാടന ചടങ്ങ് നടത്താമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. യാത്രയെ ബിജെപി ഭയപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

 

ഈ മാസം 14 ന് മണിപ്പൂരിലെ ഇംഫാലില്‍ നിന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നത്. ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ യാത്രയുടെ ഉദ്ഘാടനം നടത്തുന്നതിനായി ഏഴു ദിവസം മുമ്പേ കോണ്‍ഗ്രസ് അനുമതി തേടിയിരുന്നു. അനുമതി തേടി എഐസിസിയും പിസിസിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ചീഫ് സെക്രട്ടറിക്കും കത്തയച്ചിരുന്നു. എന്നാല്‍ പാലസ് ഗ്രൗണ്ടില്‍ ഉദ്ഘാടനം നടത്തുന്നതിന് അനുമതി നിഷേധിക്കുകയായിരുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് നിബന്ധനകളോടെ അനുമതി നല്‍കി. ചുരുക്കം ആളുകളെ ഉള്‍കൊള്ളിച്ച് ഉദ്ഘാടനം നടത്താന്‍ അനുമതി നല്‍കിയതായും എന്നാല്‍ എങ്ങനെ പരിപാടി നടത്തുമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.

 

റാലിയില്‍ പങ്കെടുക്കുന്നവരുടെ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. മണിപ്പൂരിനെ ഒഴിവാക്കി ഒരു യാത്രയില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. രാഷ്ട്രീയ കാരണങ്ങള്‍ മൂലമാണ് ബിജെപി യാത്ര തടയാന്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. യാത്രയുടെ വിവരങ്ങള്‍ ലഭ്യമാകുന്ന വെബസൈറ്റും യാത്രയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ സൈറ്റും പുറത്തിറക്കിയിട്ടുണ്ട്. 66 ദിവസം കൊണ്ട് 100 ലോക്‌സഭ മണ്ഡലങ്ങളിലൂടെ യാത്ര കടന്ന് പോകും.

LEAVE A REPLY

Please enter your comment!
Please enter your name here