തിരുവനന്തപുരം: അപേക്ഷിക്കുന്നത് ആരെന്ന് നോക്കിയല്ല ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ അരമണിക്കൂറിനകം ലഭിച്ചതായി മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ എഫ്ബി പോസ്റ്റിന്റെ കമന്റ് ബോക്‌സിലാണ് മന്ത്രിയുടെ പ്രതികരണം. അപേക്ഷിച്ചയുടന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് കിട്ടിയ എത്രയോ ആളുകള്‍ അവരുടെ അനുഭവം പറഞ്ഞിട്ടുണ്ട്. കമന്റ് ബോക്‌സിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ അത് ആര്‍ക്കും വായിക്കാനാവും. ഏതൊരു അപേക്ഷകനും ചുരുങ്ങിയ സമയം കൊണ്ട് സേവനം ലഭിക്കുന്നു. എത്രയോ അനുഭവങ്ങള്‍ മുന്‍പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ടപ്പേ’ എന്ന വാക്കാണ് മനോരമ പോലും കെ സ്മാര്‍ട്ടില്‍ വിവാഹസര്‍ട്ടിഫിക്കറ്റ് എത്ര വേഗം ലഭിച്ചെന്ന് പറയാന്‍ ഉപയോഗിച്ചത്. മന്ത്രി കമന്റില്‍ സൂചിപ്പിച്ചു.
ഗുരുവായൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ അരമണിക്കൂറിനകം ലഭിച്ചെന്ന് മന്ത്രി എംബി രാജേഷ് എഫ്ബിയില്‍ കുറിപ്പിട്ടിരുന്നു. കെ സ്മാര്‍ട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളില്‍ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സര്‍ട്ടിഫിക്കറ്റ് ഗുരുവായൂര്‍ നഗരസഭയുടെ കൗണ്ടറില്‍ നിന്ന് കൈപ്പറ്റി. ഇതിന് മുമ്പ് തന്നെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു.
സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത്. കെ സ്മാര്‍ട്ട് നമ്മുടെ നഗരസഭകളെ ഡബിള്‍ സ്മാര്‍ട്ടാക്കുകയാണ്. മന്ത്രി എംബി രാജേഷ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.