‘സുനിലേട്ടന് ഒരു വോട്ട്’; തൃശൂര്‍ ആര് ‘എടുക്കും’?; പ്രതാപനു പിന്നാലെ വിഎസ് സുനില്‍കുമാറിന് വേണ്ടിയും പ്രചാരണം

0

തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ തൃശൂരില്‍ പ്രചാരണം കൊഴുക്കുന്നു. കോണ്‍ഗ്രസ് നേതാവും എംപിയുമായ ടി എന്‍ പ്രതാപനും വേണ്ടി കഴിഞ്ഞ ദിവസങ്ങളില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടെങ്കില്‍, സിപിഐ നേതാവായ വിഎസ് സുനില്‍ കുമാറിന് വേണ്ടി സമൂഹ മാധ്യമങ്ങളിലാണ് വോട്ടഭ്യര്‍ത്ഥന തുടങ്ങിയിരിക്കുന്നത്.

തൃശൂരിലെ വിദ്യാര്‍ഥികള്‍ എന്ന പേരിലാണ് സുനില്‍കുമാറിന് വേണ്ടിയുള്ള പോസ്റ്റര്‍ പ്രചരണം. സുനിലേട്ടന് ഒരു വോട്ട് എന്ന വാചകത്തോടെയാണ് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാര്‍ട്ടിയുടെ അറിവോടെയല്ല സമൂഹമാധ്യമങ്ങളില്‍ ഇത്തരം പ്രചാരണം നടക്കുന്നതെന്ന് വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.

ടി എന്‍ പ്രതാപനു വേണ്ടി ചൂണ്ടലിലും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. നേരത്തെ ചിറ്റാട്ടുകര കിഴക്കെത്തലയിലും എളവള്ളിയിലും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ‘-പ്രതാപന്‍ തുടരും പ്രതാപത്തോടെ’, ‘-നമ്മുടെ പ്രതാപനെ വിജയിപ്പിക്കുക’ എന്നാണ് എളവള്ളിയിലെ ചുവരെഴുത്ത്. വെങ്കിടങ്ങ് സെന്ററിലും പ്രതാപനും വേണ്ടി ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ തൃശൂരില്‍ എത്തിയതോടെയാണ് മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം ശക്തമായത്. തൃശൂരില്‍ സുരേഷ് ഗോപി ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാകുമെന്ന് വ്യാപക പ്രചാരണമുണ്ട്. തൃശൂര്‍ മണ്ഡലം പിടിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപിയും പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here