കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ 3 പേര്‍.ഫ്രാന്‍സിസ് ജോര്‍ജ്, പിസി തോമസ് എന്നിവരെ കൂടാതെ കെ എം മാണിയുടെ മരുമകന്‍ എംപി ജോസഫും സാധ്യത പട്ടികയിലുണ്ട്. അതേസമയം കോട്ടയത്ത് ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
കോട്ടയം സീറ്റ് വേണമെന്ന് യുഡിഎഫില്‍ ആവശ്യപ്പെട്ടതിന് പിന്നാലെ തന്നെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും കേരള കോണ്‍ഗ്രസില്‍ തുടങ്ങി. പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ചര്‍ച്ചയായെങ്കിലും ഇപ്പോള്‍ മൂന്നുപേരിലേക്കാണ് ചര്‍ച്ചകള്‍ എത്തിനില്‍ക്കുന്നത്. സാധ്യത പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഫ്രാന്‍സിസ് ജോര്‍ജാണ്. ഇതിനോടകം മണ്ഡലത്തിലും ഫ്രാന്‍സിസ് ജോര്‍ജ് സജീവമാണ്. എന്നാല്‍ പിസി തോമസും മത്സരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പി സി തോമസ് പരസ്യമായി വ്യക്തമാക്കുകയും ചെയ്തു.
മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും കെഎം മാണിയുടെ മരുമകനുമായ എംപി ജോസഫും സാധ്യത പട്ടികയില്‍ ഉണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. മോന്‍സ് ജോസഫിന് വേണ്ടി ഒരു വിഭാഗം ആവശ്യം ഉന്നായിക്കുന്നുണ്ടെങ്കിലും സ്ഥാനാര്‍ത്ഥിയാകാന്‍ മോന്‍സിന് താല്പര്യമില്ലെന്നാണ് വിവരം.മോന്‍സ് ജോസഫോ ഫ്രാന്‍സിസ് ജോര്‍ജോ തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്.ശക്തനായ സ്ഥാനാര്‍ത്ഥി വന്നാല്‍ മണ്ഡലം പിടിക്കാനാകുമെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നുണ്ട്. അടുത്ത ദിവസം ചേരുന്ന കേരള കോണ്‍ഗ്രസ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ധാരണ ഉണ്ടാകും . യുഡിഎഫില്‍ നിന്ന് സീറ്റ് ലഭിച്ചാല്‍ ഉടന്‍തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.