1630 കോടി നാലു സ്വകാര്യ ബാങ്കുകളിലെ 20 അക്കൗണ്ടുകളില്‍; ഹൈറിച്ച് ഉടമകളുടെ 203 കോടി മരവിപ്പിച്ചു

0

തൃശൂര്‍: മണിചെയിന്‍ തട്ടിപ്പു കേസില്‍, ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു. ‘ഹൈറിച്ച്’ തട്ടിപ്പില്‍ ഇഡിയും അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടപടി. കമ്പനി സമാഹരിച്ച പണത്തില്‍ 482 കോടി രൂപ മാത്രം ശേഖരിച്ചത് ക്രിപ്റ്റോ കറന്‍സി വഴിയാണെന്നും ഇഡി പറയുന്നു.

നിക്ഷേപകരില്‍ നിന്നും പിരിച്ചെടുത്ത 1630 കോടി രൂപ പോയത് നാലു ബാങ്കുകളിലെ 20 അക്കൗണ്ടുകളിലേക്കാണെന്ന് കണ്ടെത്തി. ഹൈറിച്ച് കമ്പനിയുടെ പേരിലും മുഖ്യപ്രതികളായ മാനേജിങ് ഡയറക്ടര്‍ കെ ഡി പ്രതാപന്‍, ഭാര്യയും സിഇഒയുമായ ശ്രീന എന്നിവരുടെ പേരിലുമാണ് അക്കൗണ്ടുകള്‍ തുറന്നത്.

സ്വകാര്യ ബാങ്കുകളിലായിരുന്നു അക്കൗണ്ടുകള്‍ തുറന്നത്. പലചരക്ക് സാധനങ്ങള്‍ നേരിട്ട് വീടുകളിലെത്തിക്കുന്ന ശൃംഖലയെന്ന പേരില്‍ ആരംഭിച്ച കമ്പനി നിയമവിരുദ്ധമായി നിക്ഷേപങ്ങള്‍ സ്വീകരിച്ചാണ് മണിചെയിന്‍ ഇടപാടു നടത്തിയത്. നേരത്തെ 126 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പിലും കമ്പനി കുടുങ്ങിയിരുന്നു.

ഇഡി റെയ്ഡിനെത്തുന്ന വിവരം അറിഞ്ഞ് പ്രതാപനും ഭാര്യയും വീട്ടില്‍ നിന്നും മുങ്ങിയിരുന്നു. ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടി കൊച്ചിയിലെ പ്രത്യേക കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. 2019 ലാണ് തൃശൂരിലെ ചേര്‍പ്പ് ഞെരുവിശേരി ആസ്ഥാനമായി പ്രതാപനും ഭാര്യ ശ്രീനയും ചേര്‍ന്ന് ഹൈറിച്ച് കമ്പനി ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here