വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി കൈമാറ്റം: നിര്‍ണായക ചട്ട പരിഷ്‌കരണത്തിന് മന്ത്രിസഭാ അംഗീകാരം

0

 

 

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയില്‍ പട്ടയം അനുവദിക്കുന്നതിനും കൈമാറ്റം ലളിതമാക്കുന്നതിനുമുള്ള പുതിയ ചട്ടങ്ങള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ദശാബ്ദങ്ങളായി സംരംഭകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളാണ് ഇതിലൂടെ നടപ്പിലാവുകയെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

 

വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനും നിശ്ചയിച്ച വ്യവസായ സംരംഭങ്ങള്‍ക്ക് പകരം മറ്റ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ഉണ്ടായിരുന്ന തടസങ്ങള്‍ പരിഹരിച്ച് നടപടികള്‍ ലളിതമാക്കുന്നതാണ് പുതിയ ചട്ടങ്ങള്‍ എന്നും മന്ത്രി പറഞ്ഞു.

 

1964 ലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരമാണ് വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിക്ക് പട്ടയം നല്‍കിയിരുന്നത്. 1969, 1970 വര്‍ഷങ്ങളിലും വകുപ്പിന് കീഴിലുള്ള ഡവലപ്പ്മെന്റ് ഏരിയ, ഡവലപ്പ്മെന്റ് പ്ലോട്ട് എന്നിവയില്‍ ഹയര്‍ പര്‍ച്ചേസ് വ്യവസ്ഥയില്‍ ഭൂമി അനുവദിക്കുന്നതിന് വ്യവസായ വകുപ്പ് ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവുകള്‍ക്ക് ലാന്റ് അസൈന്‍മെന്റ് ആക്ടിന്റെ പിന്‍ബലം ഉണ്ടായിരുന്നില്ല. പട്ടയം അനുവദിക്കുന്നതിനുള്ള അപേക്ഷ അതാത് ജനറല്‍ മാനേജര്‍മാര്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍ മുഖേന സര്‍ക്കാരിലെ റവന്യൂ വകുപ്പിന് സമര്‍പ്പിക്കുന്നതായിരുന്നു നടപടി.

 

ഈ അപേക്ഷകളില്‍ റവന്യൂ വകുപ്പ് പട്ടയം അനുവദിക്കും. എന്നാല്‍ ഇത്തരത്തില്‍ പട്ടയം അനുവദിക്കുന്നതിന് വളരെയേറെ കാലതാമസം നേരിട്ടിരുന്നു. ഇത് പരിഹരിക്കുന്നതിന് 2020 ല്‍ മറ്റൊരു ഉത്തരവും പുറപ്പെടുവിച്ചു. ജനറല്‍ മാനേജര്‍മാര്‍ നേരിട്ട്, അതാത് ജില്ലാ കളക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് തഹസില്‍ദാര്‍ മുഖേന പട്ടയം അനുവദിക്കുന്ന വ്യവസ്ഥ നിലവില്‍ വന്നു. വ്യവസായ വകുപ്പിന്റെ ഉത്തരവ് ഉണ്ടായിരുന്നെങ്കിലും കളക്ടര്‍മാര്‍ക്ക് പട്ടയം അനുവദിക്കുന്നതില്‍ പരിമിതികളുണ്ടായി. ഈ സാഹചര്യത്തിലാണ് 1960 ലെ ലാന്റ് അസൈന്‍മെന്റ് ആക്റ്റിന്റെ പിന്‍ബലമുള്ള പുതിയ ലാന്റ് റൂള്‍സ് പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here