വിദേശത്തേയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രത നിർദ്ദേശവുമായി പൊലീസ്

0

തിരുവനന്തപുരം: വിദേശത്ത് ജോലി വാ​ഗ്ദനം ചെയ്ത് തട്ടിപ്പിന് ഇരയാകാതിരിക്കാൻ മുന്നറിയിപ്പുമായി പൊലീസ്. കാനഡ, ഇസ്രയേല്‍, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്ക് ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവരുടെ എണ്ണത്തിൽ വര്‍ധനയുണ്ടായിട്ടുണ്ടെന്നും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണണമെന്ന് പൊലീസ് അറിയിച്ചത്. സാമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇത്തരക്കാർ തട്ടിപ്പിന് കളമൊരുക്കുന്നതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നത്.

രജിസ്റ്റര്‍ ചെയ്യാത്ത ഏജന്‍സികള്‍ വിദേശത്ത് ജോലിക്കായി റിക്രൂട്ട്‌മെന്റ് നടത്തുന്നത് 1983 ലെ എമിഗ്രേഷന്‍ ആക്ടിന്റെ ലംഘനവും മനുഷ്യക്കടത്തിന് തുല്യവും ശിക്ഷാര്‍ഹവുമായ ക്രിമിനല്‍ കുറ്റവുമാണ്. വിദേശത്ത് തൊഴില്‍ തേടുന്നവര്‍ അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സിയുടെ സേവനം മാത്രം സ്വീകരിക്കുന്നതായിരിക്കും അഭികാമ്യം. എല്ലാ റിക്രൂട്ടിംഗ് ഏജന്റുമാരും അവരുടെ ലൈസന്‍സ് നമ്പര്‍ തങ്ങളുടെ ഓഫീസുകളിലും പരസ്യങ്ങളിലും വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഇത്തരം ഏജന്റുമാരുടെ സേവനങ്ങള്‍ക്ക് 1983 ലെ എമിഗ്രേഷന്‍ ആക്ട് പ്രകാരം 30,000/ രൂപയില്‍ കൂടുതല്‍ പ്രതിഫലം ഈടാക്കുവാന്‍ പാടുള്ളതല്ല (18% ജി.എസ്.ടി പുറമെ). ഈ തുകയ്ക്ക് കൃത്യമായ രസീതും നല്‍കേണ്ടതാണ്. വിദേശത്ത് തൊഴില്‍ തേടുന്ന വ്യക്തികള്‍ www.emigrate.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് റിക്രൂട്ടിംഗ് ഏജന്റുമാരുടെ വിവരങ്ങള്‍ പരിശോധിക്കുന്നത് ഉചിതമായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here