ദമ്പതികൾ റിക്രൂട്മെന്റ് സ്ഥാപനം നടത്തി തട്ടിയെടുത്തത് 2 കോടി; തട്ടിപ്പിനു നേതൃത്വം നൽകിയത് ചിഞ്ചു, പിടിയിലായത് രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ

0

കൊച്ചി: യുകെ, സിംഗപ്പുർ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ ജോലികൾക്ക് വിസയുണ്ടെന്ന് വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തിയ ദമ്പതികൾ അറസ്റ്റിൽ. കൊല്ലം ഈസ്റ്റ് കല്ലട മണിവീണയിൽ ചിഞ്ചു എസ്.രാജ് (45), കൊടുങ്ങല്ലൂർ ശൃംഗപുരം വാക്കേക്കാട്ടിൽ അനീഷ് (45) എന്നിവരെയാണു നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 2 കോടിയോളം രൂപയാണ് കലൂർ അശോക റോഡിൽ ടാലന്റിവിസ് എച്ച്ആർ കൺസൽറ്റൻസി എന്ന പേരിൽ റിക്രൂട്മെന്റ് സ്ഥാപനം നടത്തി ഇവർ തട്ടിയെടുത്തത്. ഡിജിറ്റൽ മാർക്കറ്റിങ് സൈറ്റ് വഴി പരസ്യം ചെയ്താണു പ്രതികൾ ഇരകളെ കണ്ടെത്തിയത്.

ഉദ്യോഗാർഥികളിൽ നിന്നു 1.9 കോടി രൂപയാണു പിരിച്ചെടുത്തത്. പ്രതികളുടെ ഉറപ്പിൻമേൽ ഉദ്യോഗാർഥികളിൽ നിന്നു പണം വാങ്ങി നൽകിയ ഏജന്റ് ബിനിൽകുമാറിന്റെ പരാതിയിലാണു കേസ് റജിസ്റ്റർ ചെയ്തതെന്നു പൊലീസ് പറഞ്ഞു. കിട്ടിയ പണവുമായി രാജ്യം വിടാൻ ഒരുങ്ങുന്നതിനിടെയാണു പ്രതികൾ പിടിയിലായത്. പിടിയിലാകുമ്പോൾ പ്രതികളുടെ വീട്ടിലെ സാധനങ്ങളെല്ലാം യാത്രയ്ക്കായി തയാറാക്കി വച്ചിരിക്കുകയായിരുന്നു. ഒട്ടേറെ ഉദ്യോഗാർഥികളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകളും വിവിധ വ്യാജ സീലുകളും ഇവരിൽ നിന്നു പിടിച്ചെടുത്തു.

‌മുൻപു ഡൽഹിയിൽ റിക്രൂട്മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്ത പരിചയത്തിലാണു ചിഞ്ചു തട്ടിപ്പിനു നേതൃത്വം നൽകിയതെന്നു പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ, എസ്ഐമാരായ ടി.എസ്.രതീഷ്, എൻ.ഐ.റഫീഖ്, സീനിയർ സിപിഒ വാസവൻ, സിപിഒമാരായ വിനീത്, ലിബിൻരാജ്, ജിത്തു, ജയ, സുനിത എന്നിവരാണു പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here