കൊച്ചി: കേരളത്തിനെ നടുക്കിയ ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ പ്രതിയ്ക്ക് വധശിക്ഷ ഇന്നലെ വിധിച്ചിരുന്നു. എന്നാൽ ഇത് ഉടനെ നടപ്പാകില്ല. വിധിയിൽ പ്രതിയ്ക്ക് മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കാന്‍ ഉള്‍പ്പെടെ അവസരമുള്ളതിനാല്‍ പല കടമ്പകള്‍ കടന്നശേഷം മാത്രമെ വധശിക്ഷയിലേക്കുള്ള നടപടികളിലേക്ക് കടക്കാനാകൂ. അപ്പീല്‍ മേൽക്കോടതികൾ തള്ളിയാലും ദയാഹര്‍ജിയടക്കമുള്ള വഴികള്‍ പിന്നെയും അവശേഷിക്കുന്നുണ്ട്. ഇത്തരത്തിൽ ദയാഹര്‍ജിയിൽ തീരുമാനമെടുക്കാൻ വൈകുന്നതോടെ ഇനിയും വൈകും.
മൂന്നു പതിറ്റാണ്ടിനിടെ കേരളത്തില്‍ ആരെയും തൂക്കിലേറ്റിയിട്ടില്ല. സുപ്രീം കോടതി അടുത്തിടെ നിരവധി കേസുകളിലാണ് വധശിക്ഷയില്‍ ഇളവ് നല്‍കിയത്. വധശിക്ഷയില്‍ പ്രതിക്ക് മേല്‍ക്കോടതികളിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വരെ അപ്പീല്‍ നല്‍കാനാകും. കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 20 പേരുടെ ശിക്ഷ വർഷങ്ങളായി നടപ്പായിട്ടില്ല. വധശിക്ഷ നടപ്പാക്കുന്നതുവരെ മറ്റു വകുപ്പുകളിലായുള്ള ജീവപര്യന്തം തടവ് ഉള്‍പ്പെടെ അസ്ഫാക് ആലം അനുഭവിക്കണം.
ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷക്ക് പുറമെ അഞ്ച് ജീവപര്യന്തവും 49വര്‍ഷം തടവും ഏഴു ലക്ഷം പിഴയുമാണ് കോടതി വിധിച്ചത്. പോക്സോ കേസില്‍ മൂന്നു വകുപ്പിലും ജീവിതാവസാനം വരെ ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ 13 വകുപ്പുകളിലും കുറ്റം തെളിയുകയും കോടതി ശിക്ഷ വിധിക്കുകയും ചെയ്തു. പിഴ ഈടാക്കുന്ന പക്ഷം അതില്‍ നിന്നോ അല്ലെങ്കില്‍ ലീഗല്‍ സര്‍വീസ് അതോരിറ്റിയോ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നുണ്ട്.
13 വകുപ്പുകളിലുമായി ആകെ 49 വര്‍ഷം തടവും അഞ്ച് ജീവപര്യന്തവും ഇതിനപുറമെ ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം വധശിക്ഷയുമാണ് കോടതി വിധിച്ചത്. പോക്സോയിലെ മൂന്നു വകുപ്പുകള്‍ക്ക് പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (2 ) (j) വകുപ്പിലും (സമ്മതം കൊടുക്കാന്‍ കഴിയാത്തയാളെ ബലാത്സംഗം ചെയ്യുക) ജീവിതാവസാനം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 (പ്രകൃതിവിരുദ്ധപീഡനവും ക്രൂരതയും) വകുപ്പിലുമാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.