സുനിൽകുമാർ നാല് മക്കൾക്കും വിഷം നൽകിയത് ഭാര്യ വീട്ടിലില്ലാത്ത സമയത്ത്; മൂന്നുപേരും മരിച്ചതോടെ യുവാവ് ഒളിവിൽ പോയി; ഭർത്താവ് ഈ ക്രൂരത ചെയ്തത് എന്തിനെന്നറിയാതെ ഒരമ്മ

0

സ്വന്തം മക്കളെ യുവാവ് വിഷം നൽകി കൊലപ്പെടുത്തി. ഹരിയാനയിലെ റോഹ്തക് ജില്ലയിലാണ് കൊടുംക്രൂരത നടന്നത്. കാബൂൾപൂർ ഗ്രാമവാസിയായ സുനിൽകുമാർ എന്നയാളാണ് തന്റെ നാലു മക്കൾക്കും ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയത്. വിഷം ഉള്ളിൽ ചെന്നതിന് പിന്നാലെ മൂന്നു കുട്ടികളും മരിച്ചു. ഒരു കുട്ടി ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പത്തും ഏഴും വയസുള്ള രണ്ട് പെൺകുട്ടികളും ഒരു വയസ്സുള്ള ആൺകുഞ്ഞുമാണ് മരിച്ചത്. എട്ടു വയസുള്ള പെൺകുട്ടിയാണ് റോഹ്തക്കിലെ പിജിഐഎംഎസിൽ ഐസിയുവിൽ കഴിയുന്നത്.

മരപ്പണിക്കാരനാണ് സുനിൽ കുമാർ. കഴിഞ്ഞ ചൊവ്വാഴ്ച്ച ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് ഇയാൾ ഭക്ഷണത്തിൽ വിഷം കലർത്തി മക്കൾക്ക് നൽകിയത്. ഇതിന് പിന്നാലെ ഇയാൾ വീടുവിട്ട് പോകുകയും ചെയ്തു. ഭാര്യ തിരിച്ചെത്തിയപ്പോഴാണ് മക്കൾ ​ഗുരുതരാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. യുവതി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മൂന്നു കുഞ്ഞുങ്ങളുടെയും ജീവൻ നഷ്ടമായി.

മരപ്പണിക്കാരനായ കുമാർ എന്തിനാണ് മക്കൾക്ക് വിഷം കൊടുത്തതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതി ഒളിവിലാണെന്നും ഭാര്യയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here