മൂവാറ്റുപുഴ: കഴിഞ്ഞ ദിവസം അറസ്റ്റിലായ ലോട്ടറി വില്പനക്കാരി കൂത്താട്ടുകുളം സ്വദേശിയായ യുവാവിൽ നിന്നും തട്ടിയെടുത്തത് ആറുലക്ഷത്തോളം രൂപ. വിവാഹം നടത്തിക്കൊടുക്കാം എന്ന് വാഗ്ദാനം നൽകിയാണ് മാറാടി പള്ളിക്കാവ് പടിഞ്ഞാറയിൽവീട്ടിൽ ഷൈല (57) യുവാവിനെ തട്ടിപ്പിന് ഇരയാക്കിയത്. ഇൻഫോപാർക്കിൽ ജോലിയുള്ള യുവതിയെ കൊണ്ട് വിവാഹം കഴിപ്പിക്കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പ് മനസ്സിലായതോടെ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് കൂത്താട്ടുകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷൈലയെ അറസ്റ്റ് ചെയ്തത്.
ചോരക്കുഴി ഭാഗത്തുള്ള യുവാവിനെയാണ് ഷൈല കബളിപ്പിച്ച് പണം തട്ടിയത്. യുവാവിന്റെ വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു യുവതിയുടെ ഫോട്ടോ അയച്ചുകൊടുത്തതോടെയാണ് തട്ടിപ്പിന് തുടക്കമാകുന്നത്. സോന എന്നാണ് പേരെന്നും ഇൻഫോപാർക്കിലാണ് ജോലിയെന്നും ഷൈല യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് സോനയാണെന്ന് പറഞ്ഞ് ഷൈല യുവാവുമായി ഫോണിൽ നിരന്തരം ബന്ധപ്പെട്ടു. മാതാപിതാക്കൾക്ക് സുഖമില്ലെന്ന് പറഞ്ഞ് ആറുലക്ഷത്തോളം രൂപയാണ് ഷൈല തട്ടിയെടുത്തതെന്നാണ് യുവാവവിന്റെ പരാതി.
സംഭവം തട്ടിപ്പാണെന്ന് മനസിലാക്കിയ യുവാവ് പരാതി നൽകി.ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർ പി.ജെ. നോബിൾ, എസ്.ഐ കെ.പി. സജീവൻ, എ.എസ്.ഐ അനിൽകുമാർ, സീനിയർ സി.പി.ഒമാരായ ഇ.കെ. മനോജ്, ഐസി മോൾ, മഞ്ജുശ്രീ, ശ്രീജമോൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.