കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ പിതാവിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. മഹിളാ കോൺഗ്രസ് ജില്ലാ നേതാവ് ഹസീന മുനീറിന്റെ ഭർത്താവ് മുനീറിനെതിരെയാണ് ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്തത്. 1,20,000 രൂപയാണ് കുടുംബത്തെ പറ്റിച്ച് മുനീർ കൈക്കലാക്കിയത്. സംഭവം വിവാദമായതോടെ പണം തിരികെ നൽകി രക്ഷപെടാനായിരുന്നു മുനീറിന്റെ ശ്രമം.
മുനീർ പെൺകുട്ടിയെ കാണാതായതു മുതൽ കുടുംബത്തിനൊപ്പം ഉണ്ടായിരുന്നു. കുട്ടിയെ കാണാതാകുമ്പോൾ ഇവർ താമസിച്ചിരുന്ന ജീർണ്ണാവസ്ഥയിലുള്ള വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ മാറ്റിയിരുന്നു. ഈ വീടിന് അഡ്വാൻസ് നൽകാനെന്ന പേരിലാണ് മഹിളാ കോൺഗ്രസ് നേതാവും ഭർത്താവും ചേർന്ന് ആദ്യം കൈക്കലാക്കിയത്. പിന്നീട് വീട്ടുപകരണങ്ങൾ വാങ്ങാനെന്ന പേരിലും പണം കൈപ്പറ്റി. എന്നാൽ വീടിന്റെ വാടക എംഎൽഎയായിരുന്നു കൊടുത്തത്. വീട്ടുപകരണങ്ങൾ തായിക്കാട്ടുകര സഹകരണ ബാങ്കിന്റെ സഹായത്തോടെ ജനകീയ സമിതിയും ഫാൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റും നൽകിയിരുന്നു.