പത്തനംത്തിട്ടയിലെ  ലോട്ടറി കച്ചവടക്കാരന്റെ മരണം; ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട വീട് പണി പൂർത്തിയാകാത്ത മനോവിഷമത്തിലായിരുന്നെന്ന് കുടുംബം

0

പത്തനംതിട്ട: കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ ലോട്ടറി കച്ചവടക്കാരൻ ഗോപി പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട വീട് പണി പൂർത്തിയാകാത്ത മനോവിഷമത്തിലായിരുന്നു ​ഗോപിയെന്നാണ് കുടുംബം പറഞ്ഞത്. വീട് പണി പൂർത്തിയാക്കാനുള്ള ആവശ്യവുമായി പലതവണ പഞ്ചായത്ത് ഓഫീസിൽ പോയെന്നും പണം കിട്ടിയിരുന്നെങ്കിൽ വീട് പണി പൂർത്തിയായേനെയെന്നുമാണ് കുടുംബത്തി​ന്റെ വെളിപ്പെടുത്തൽ. അടുത്ത ഓണത്തിന് മുമ്പ് പണി പൂർത്തിയാക്കി താമസം തുടങ്ങണമെന്നായിരുന്നു അച്ഛ​ന്റെ ആ​ഗ്രഹമെന്നായിരുന്നു എന്നാണ് മകൾ ബിന്ദു പറയുന്നത്.

ഇന്നലെയാണ് ഓമല്ലൂര്‍ സ്വദേശിയായ ഗോപി ജീവനൊടുക്കിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കുകയായിരുന്നുവെന്ന് വ്യക്തമാകുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. വീട് നിർമ്മാണം എങ്ങുമെത്തിയില്ലെന്നും താൻ ജീവിതത്തിൽ പരാജയപ്പെട്ടുപോയെന്നും ഗോപിയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. ‘വീടിന്റെ പണി എങ്ങുമെത്തിയില്ല. പണം കിട്ടാത്തത് കൊണ്ട്. ഓണത്തിന് മുമ്പ് വാർപ്പ് ലെവൽ എത്തിച്ചതാണ്. ഇതുവരെ വാർപ്പിന്റെ തുക കിട്ടിയില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിലായിരുന്നു ഗോപി. ഭാര്യയും രണ്ടു മക്കളുമുണ്ട്.

Leave a Reply