കോൺഗ്രസിന്റെ പലസ്തീൻ റാലിയിൽ വിളമ്പിയത് പച്ചക്കള്ളം; ഐ എൻ എൽ

0

 

രാഷ്ട്രീയ, മത, സാംസ്‌കാരിക നേതാക്കളെ സാക്ഷിനിറുത്തി കോൺഗ്രസ് നേതാക്കൾ കോഴിക്കോട്ടെ പലസ്തീൻ റാലിയിൽ നടത്തിയ പ്രസംഗം ചരിത്രവസ്തുതകൾ മറച്ചുപിടിക്കുന്നതും ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കുർ അഭിപ്രായപ്പെട്ടു.

 

നരേന്ദ്രമോദി വന്നതിനു ശേഷമാണ് ഇന്ത്യയുടെ പലസ്തീൻ നയം തിരുത്തപ്പെട്ടതെന്ന കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്റെ വെളിപ്പെടുത്തൽ പച്ചക്കള്ളമാണ്. 1992ൽ പി.വി നരസിംഹ റാവു രാജ്യം ഭരിക്കുമ്പോഴാണ് ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച് ഇന്ത്യ അതുവരെ പിന്തുടർന്നുപോന്ന പലസ്തീൻ അനുകൂല നിലപാടിൽ വെള്ളം ചേർത്തത്. അന്നത്തെ ആർ.എസ്.എസ് സർസംഘ് ചാലക് ദേവരസുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു ഈ നയവ്യതിയാനം. അതുവരെ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും പിന്തുടർന്നു പോന്ന മൃദു ഹിന്ദുത്വയിൽനിന്നും തീവ്രഹിന്ദുത്വയിലേക്കുള്ള റാവുവിന്റെ ചുവടുമാറ്റമാണ് സയണിസ്റ്റ് രാജ്യത്തെ പുണരാനും പലസ്തീനികളെ ഒറ്റിക്കൊടുക്കാനും കോൺഗ്രസിനെ പ്രേരിപ്പിച്ചത്.

 

ബാബരി മസ്ജിദ് തകർക്കാൻ ഹിന്ദുത്വശക്തികൾക്ക് സൗകര്യം ഒരുക്കിക്കൊടുത്തത് പോലും കോൺഗ്രസ്-ഹിന്ദുത്വ-സയണിസ്റ്റ് കൂട്ടുകെട്ടിന്റെ പ്രത്യാഘാതമായിരുന്നു. ഇതൊന്നും അറിയാത്ത മട്ടിൽ ചരിത്രത്തിന്റെ വക്രീകരണത്തിൽ മൗനം ദീക്ഷിക്കാനും കോൺഗ്രസിസ് ഹാലേലുയ്യ പാടാനും വേദി ഉപയോഗപ്പെടുത്തിയ മുസ്‌ലിം ലീഗ് നേതാക്കൾ ആത്മവഞ്ചനയാണ് കാണിച്ചതെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here