നവകേരള സദസ്സ് തീർത്തും സർക്കാർ പരിപാടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറിയാണ് പരിപാടിക്ക് സ്വാഗതം പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർഗോഡ് പൈവള്ളിഗെയിൽ നവ കേരള സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. സർക്കാറിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനാണ് കോൺഗ്രസും യു ഡിഎഫും ശ്രമിക്കുന്നത്. അവർക്ക് നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. എന്നാൽ ജനങ്ങൾ ആ താത്പര്യത്തിന് ഒപ്പമല്ല എന്നതിന് തെളിവാണ് എൽഡിഎഫ് സർക്കാറിന് രണ്ടാമൂഴം ലഭിച്ചത്. സർക്കാറിനോട് രാഷ്ട്രിയമായ ഭിന്നത കോൺഗ്രസിനും യുഡിഎഫിനും ഉണ്ടാകാം. ബിജെപിക്ക് വല്ലാത്ത അസഹിഷ്ണുതയും ഉണ്ടാകും. എന്ന് കരുതി നാടിന് വേണ്ടി സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ഇവിടെ നടക്കാൻ പാടില്ലെന്നും നിലപാട് എടുക്കുന്നതിന് എന്താണ് അർഥമെന്നും മുഖ്യമന്ത്രി ചോദിച്ചു. നവകേരള സദസ്സ് സർക്കാർ പരിപാടിയാണ്. ചീഫ് സെക്രട്ടറിയാണ് പരിപാടിക്ക് സ്വാഗതം പറഞ്ഞത്. സാധാരണ ഗതിയിൽ ഈ പരിപാടിയിൽ പ്രധാന റോളിൽ ഈ മണ്ഡലത്തിലെ എംഎൽഎ ഉണ്ടാകേണ്ടതാണ്. എംഎൽഎയുടെ നേതൃത്വത്തിൽ സംഘാടകസമിതി രൂപീകരിക്കാനാണ് സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇവിടത്തെ എംഎൽഎ പരിപാടിയിൽ നിന്ന് സ്വയം ഒഴിഞ്ഞുനിൽക്കുകയാണെന്ന് കരുതുന്നില്ല. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സമ്മർദത്തിന് വഴങ്ങിയാണ് അദ്ദേഹം മാറിനിൽക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.