‘തമിഴ് മണ്ണിന്റെ ചെന്താരകത്തിന് വിട’; എൻ ശങ്കരയ്യയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി

0

എൻ ശങ്കരയ്യയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി. ചെന്നെയിൽ വെച്ചായിരുന്നു സംസ്കാരം പൂർത്തിയായത്. സഖാവിന്റെ മരണത്തോടനുബന്ധിച്ച്

സിപിഐഎം ഒരാഴ്ച നീണ്ടുനിൽക്കുന്ന ദുഖചാരണം പ്രഖ്യാപ്പിച്ചിട്ടുണ്ട്. ഈ ഒരാഴ്ച നടത്താനിരുന്ന പാർടി പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

 

തമിഴകത്തെ തൊഴിലാളിവര്‍ഗ രാഷ്ട്രീയം കൊണ്ട് ചുവപ്പിച്ച വിപ്ലവകാരിയാണ് എന്‍ ശങ്കരയ്യ. തമിഴകത്തെ എണ്ണമറ്റ കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ നായകന്‍.ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 102 വയസായിരുന്നു അദ്ദേഹത്തിന്.

 

വിപ്ലവ വീര്യം, ഉറച്ച പാറകല്ലുകള്‍ പോലെയുള്ള നിലപാടുകള്‍, വാളുപോലെ മൂര്‍ച്ചയുള്ള വാക്കുകള്‍, സഖാക്കളുടെ പ്രിയ നേതാവ് അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ശങ്കരയ്യക്ക്. 1937-ല്‍ മധുരയിലെ അമേരിക്കന്‍ കോളേജില്‍ നിന്നാണ് ശങ്കരയ്യയ്യുടെ പോരാട്ടവീര്യത്തിന്റെ തുടക്കം. ഈ കാലഘട്ടത്തില്‍ ശങ്കരയ്യ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി. 1941-ല്‍ മധുര അമേരിക്കന്‍ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ആദ്യമായി അറസ്റ്റിലാകുന്നത്.

 

ഏഴ് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏകദേശം എട്ട് വര്‍ഷത്തെ ജയില്‍വാസവും ഉള്‍പ്പെടുന്നു. 1947 ഓഗസ്റ്റില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു ദിവസം മുമ്പ് മോചിപ്പിക്കപ്പെട്ട നിരവധി കമ്മ്യൂണിസ്റ്റുകാരില്‍ ഒരാളായിരുന്നു ശങ്കരയ്യ, ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തി. 1964 ഏപ്രില്‍ 11 ന് നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പാര്‍ട്ടി ചെയര്‍മാന്‍ എസ് എ ഡാങ്കെയും അദ്ദേഹത്തിന്റെ അനുയായികളെയും ഐക്യ വിരുദ്ധതയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും ആരോപിച്ച് ഇറങ്ങിപ്പോയ 32 ദേശീയ കൗണ്‍സില്‍ അംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം.

Leave a Reply