ടൂറിസം മേഖലയ്ക്കായി ‘മിഷൻ 2030’ മാസ്റ്റർപ്ലാൻ കൊണ്ടുവരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

0

തിരുവനന്തപുരം: വിനോദസഞ്ചാരത്തിനായി എല്ലാ മേഖലയെയും പരിഗണിച്ചുകൊണ്ടുള്ള ‘മിഷൻ 2030’ മാസ്റ്റർപ്ലാൻ സർക്കാർ അടുത്ത വർഷം കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഡ്രൈ ഡേ, സംസ്ഥാനത്തിൻറെ ജിഡിപിയിൽ ടൂറിസത്തിൻറെ സംഭാവന നിലവിലെ 12 ശതമാനത്തിൽ നിന്ന് 20 ശതമാനമായി വർധിപ്പിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നയങ്ങളും നിർദേശങ്ങളും മാസ്റ്റർപ്ലാൻ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഡ്രൈ ഡേ ഒഴിവാക്കുന്നത് തദ്ദേശ വകുപ്പുമായടക്കം ചർച്ച ചെയ്യേണ്ട വിഷയമാണെന്നും കേരളീയം പരിപാടിയുടെ ഭാഗമായി ‘കേരളത്തിലെ വിനോദസഞ്ചാര മേഖല’ എന്ന സെമിനാറിനെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

ടൂറിസം മേഖലയിൽ സ്വകാര്യ നിക്ഷേപം വൻതോതിൽ പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ അടുത്ത വർഷം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കേണ്ടത് പ്രധാനമാണെന്നും സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെ മാത്രമേ ആഗോളതലത്തിൽ കേരള ടൂറിസത്തിനുള്ള ഇടം സുസ്ഥിരമാക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.

നവംബർ 16ന് നടക്കുന്ന ടൂറിസം നിക്ഷേപക സംഗമം സ്വകാര്യ നിക്ഷേപകർക്ക് പുതിയ ആശയങ്ങളും അവസരങ്ങളും ചർച്ച ചെയ്യുന്നതിന് വഴിയൊരുക്കും. പൊതു-സ്വകാര്യ പങ്കാളിത്ത സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ ഇപ്പോഴും ടൂറിസം മേഖലയ്ക്ക് കഴിഞ്ഞിട്ടില്ല. സ്വകാര്യ നിക്ഷേപത്തിന് വലിയ സാധ്യതയാണ് ടൂറിസം മേഖലയിലുള്ളത്. വാഗമണിലെ ഗ്ലാസ് ബ്രിഡ്ജ് പൊതു-സ്വകാര്യ മാതൃകയ്ക്ക് ഉദാഹരണമാണ്. സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ ഹെലി ടൂറിസവും ക്രൂയിസ് ടൂറിസവും 2024-ൽ ആരംഭിക്കും. ചാലിയാർ നദിക്ക് കുറുകെ നവീകരിച്ച 132 വർഷം പഴക്കമുള്ള ഫറോക്ക് പാലം ഡിസൈൻ പോളിസിക്ക് അനുസൃതമായി 2024 ൽ സംസ്ഥാനത്തിന് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ആലുവയിൽ മറ്റൊരു പാലത്തിൻറെ പണി 2024 ൽ ആരംഭിക്കും. പൊതു-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെയാണ് ഈ പദ്ധതികളെല്ലാം നടപ്പാക്കുന്നത്. നൂതന പദ്ധതികൾ ആവിഷ്കരിക്കുന്ന ‘കേരള മോഡൽ’ ലോകമെമ്പാടും അനുകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്ലാസ് ബ്രിഡ്ജ്, ഫ്ളോട്ടിങ് ബ്രിഡ്ജ്, സിനിമാ ടൂറിസം, കാരവൻ ടൂറിസം തുടങ്ങിയ പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചതിലൂടെ കോവിഡിന് ശേഷമുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. കോവിഡിനു ശേഷം വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് ശ്രദ്ധേയമാണ്. കോവിഡിന് മുമ്പ് ഏകദേശം 11,43,710 ആഭ്യന്തര വിനോദസഞ്ചാരികൾ വയനാട് സന്ദർശിച്ചപ്പോൾ 2022 ൽ സഞ്ചാരികളുടെ എണ്ണം 15,09,207 ആയി ഉയർന്നു. ഡിടിപിസിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിൽ, കോവിഡിന് മുമ്പുള്ള ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 11,84,526 ആയിരുന്നു. വരുമാനം 7998719 രൂപ. 2022-23 ൽ ആഭ്യന്തര സന്ദർശകരുടെ എണ്ണം 24,34,756 ഉം വരുമാനം 12,213,79,45 രൂപയുമാണ്. ഇക്കഴിഞ്ഞ പൂജ അവധി ദിവസങ്ങളിൽ വയനാട്ടിലെ ഡിടിപിസി ടൂറിസം കേന്ദ്രങ്ങളിൽ 52,416 സന്ദർശകർ എത്തുകയും 31,73,785 രൂപ വരുമാനം നേടുകയും ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻറെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പ്രവർത്തനങ്ങളെയും കേരള ട്രാവൽ മാർട്ട് സൊസൈറ്റിയും മറ്റ് ടൂറിസം പങ്കാളികളും മേഖലയിലേക്ക് നൽകുന്ന സംഭാവനകളെയും മന്ത്രി പ്രശംസിച്ചു.

ടൂറിസം മേഖലയിലെ മൊത്തം തൊഴിലവസരങ്ങൾ 15 ലക്ഷമാണെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. 2022 ൽ ഈ മേഖലയിൽ നിന്നുള്ള മൊത്തം വരുമാനം 35,168.42 കോടി രൂപയായിരുന്നു. വിദേശ സഞ്ചാരികളിലൂടെയുള്ള വരുമാനം 2792.42 കോടി രൂപയും ആഭ്യന്തര സഞ്ചാരികളിൽ നിന്നുള്ള വരുമാനം 24,588.96 കോടി രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ഓരോ ഗ്രാമങ്ങളും വ്യക്തികളും ടൂറിസം ഉപഭോക്താക്കളായി മാറുന്ന പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യേണ്ടതെന്ന് ആസൂത്രണ ബോർഡ് അംഗവും യാത്രികനുമായ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. ഗ്രാമീണ ജീവിതം, വിശ്വാസം, ആചാരങ്ങൾ, ഭക്ഷണ രീതി, കൃഷി, തൊഴിൽ എന്നിവയെല്ലാം ടൂറിസം ഉത്പന്നങ്ങളായി പ്രദർശിപ്പിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾക്ക് കേരളത്തിൽ വിപുലമായ സാധ്യതയാണുള്ളതെന്ന് റെസ്പോൺസിബിൾ ടൂറിസത്തിൻറെ ഡബ്ല്യുടിഎം ഉപദേഷ്ടാവ് ഹരോൾഡ് ഗുഡ് വിൻ പറഞ്ഞു. ഈ മേഖലയിൽ ഇതിനോടകം കേരളം മാതൃകാപരമായ മുന്നേറ്റം നടത്തിക്കഴിഞ്ഞു. കേരളത്തിൻറെ ഗ്രാമീണ മേഖലയിൽ ഈ ആശയത്തോടു ചേർന്നുനിൽക്കുന്ന നിരവധി തനത് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) എസ് പ്രേംകൃഷ്ണൻ, കിറ്റ്സ് ഡയറക്ടർ ഡോ. ദിലീപ് മാധവ്, ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ.രൂപേഷ്കുമാർ, സിജിഎച്ച് എർത്ത് സഹസ്ഥാപകൻ ജോസ് ഡൊമിനിക്, കെടിഎം മുൻ പ്രസിഡൻറ് ബേബി മാത്യു, മഡ്ഡി ബൂട്ട്സ് എം.ഡി പ്രദീപ് മൂർത്തി, കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി.എം വാര്യർ, പൈതൃകം ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് എംഡി സജീവ് കുറുപ്പ് എന്നിവർ പങ്കെടുത്തു. കേരള സർവകലാശാല മാനേജ്മെൻറ് ഐഎംകെ സീനിയർ പ്രൊഫസർ ഡോ. കെ.എസ് ചന്ദ്രശേഖർ മോഡറേറ്ററായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here