നഴ്‌സിങ് പ്രവേശനം വാഗ്‌ദാനം ചെയ്ത് വൻ തട്ടിപ്പ്; ഇടുക്കിയില്‍ മാത്രം 30 പേരുടെ പക്കൽ നിന്നായി കൈക്കലാക്കിയത് 6 കോടി രൂപ; അഞ്ചംഗ സംഘം പിടിയിൽ

0

ഇടുക്കി: നഴ്‌സിങ് പഠനത്തിന് അഡ്മിഷന്‍ വാങ്ങിനല്‍കാമെന്ന വ്യാജേന കോടികളുടെ തട്ടിപ്പ്. പലരില്‍നിന്നായി ആറ് കോടിയോളം രൂപയാണ് സംഘം തട്ടിയത്. പണം നഷ്ടപ്പെട്ട ആറ് രക്ഷിതാക്കള്‍ തങ്കമണി പോലീസില്‍ പരാതി നൽകിയതോടെയാണ് ഇവരെ പോലീസ് പിടികൂടിയത്. കേസിൽ അഞ്ചുപേർ അറസ്റ്റിലായി.

കൊല്ലം പൂയപ്പള്ളി ചെങ്കുളം സ്വദേശി വട്ടവിള പുത്തന്‍വീട്ടില്‍ ലിജോ ജേക്കബ് ജോണ്‍ (37), നെടുങ്കണ്ടം സ്വദേശികളായ പ്ലാത്തോട്ടത്തില്‍ ജിതിന്‍ തോമസ് (30), തൈക്കൂട്ടത്തില്‍ മൃദുല്‍ ജോസഫ്(32), കട്ടപ്പന നത്തുകല്ല് ഓലിക്കര ജസ്റ്റിന്‍ ജെയിംസ് (32). നെടുങ്കണ്ടം ബാലഗ്രാം കണിശേരിയില്‍ കെ.ടി. അനൂപ് (32) എന്നിവരാണ് അറസ്റ്റിലായത്.

2021-ല്‍ ദേവാമൃതം എന്ന പേരില്‍ പ്രതികള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപവത്കരിച്ചു. ഇതിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. 2022-ലാണ് രക്ഷിതാക്കളില്‍നിന്ന് പണം വാങ്ങിയത്. ബെംഗളൂരുവിലെ പ്രമുഖ നഴ്‌സിങ് കോളേജില്‍ അഡ്മിഷന്‍ വാങ്ങിനല്‍കാമെന്നും ഇതിനായി പലിശയില്ലാതെ വായ്പ നല്‍കാമെന്നും രക്ഷിതാക്കളെ വിശ്വസിപ്പിച്ചു. മുംബൈയിലുള്ള ഗ്രേ ക്വെസ്റ്റ് എന്ന സ്വകാര്യബാങ്കില്‍നിന്ന് മൂന്നുലക്ഷം രൂപവീതം രക്ഷിതാക്കളെക്കൊണ്ട് വായ്പ എടുപ്പിച്ചു. ഈ തുക ട്രസ്റ്റിലേക്ക് വാങ്ങി.

ഇതുകൂടാതെ 25,000 രൂപവീതം ഓരോ വിദ്യാര്‍ഥിയോടും പ്രോസസിങ് ചാര്‍ജ് വാങ്ങി. നിരവധി രേഖകളില്‍ ഒപ്പിടീച്ചു. വിദ്യാര്‍ഥികള്‍ക്ക് വിവിധകോളേജുകളില്‍ അഡ്മിഷന്‍ നല്‍കി. എന്നാല്‍, ഒരാഴ്ച മാത്രമേ പഠിക്കാനായുള്ളൂ. ഫീസ് അടയ്ക്കാതെ വന്നതോടെ വിദ്യാര്‍ഥികളെ കോളേജ് അധികൃതര്‍ പുറത്താക്കി.

രക്ഷിതാക്കള്‍ പ്രതികളുടെ സ്ഥാപനത്തിലെത്തി ബഹളം വെച്ചതോടെ സര്‍ട്ടിഫിക്കറ്റുകള്‍ മടക്കി നല്‍കിയെങ്കിലും ബാങ്കുകളില്‍നിന്നെടുത്ത മൂന്നുലക്ഷം രൂപ വീതമുള്ള വായ്പ ഏജന്‍സി തിരികെ അടച്ചില്ല. ഇതോടെ, തുകയും പലിശയും അടയ്ക്കണമെന്നുകാട്ടി രക്ഷിതാക്കള്‍ക്ക് ബാങ്കുകളില്‍നിന്ന് നോട്ടീസ് എത്തിത്തുടങ്ങി. വിദ്യാര്‍ഥികളുടെ തുടര്‍പഠനവും മുടങ്ങി.

ഇടുക്കിയില്‍മാത്രം 30 പേരുടെ പണം തട്ടി. കേസില്‍ കൂടുതല്‍ പ്രതികളുള്ളതായി പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരേ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കേസുണ്ട്. തങ്കമണി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എം. സന്തോഷ്, എ.എസ്.ഐ. പി.പി. വിനോദ്, എസ്.സി.പി.ഒ. ജോഷി ജോസഫ്, സി.പി.ഒ. ജിതിന്‍ എബ്രഹാം എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും

LEAVE A REPLY

Please enter your comment!
Please enter your name here