കോഴിക്കോട് എരവന്നൂര്‍ സ്‌കൂളിലെ കയ്യാങ്കളി; അധ്യാപകന്‍ അറസ്റ്റിൽ

0

കോഴിക്കോട്: എരവന്നൂര്‍ സ്‌കൂളിലെ കയ്യാങ്കളിയില്‍ അധ്യാപകന്‍ എം പി ഷാജി അറസ്റ്റില്‍. എരവന്നൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അടക്കമുള്ളവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സ്‌കൂളിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

രണ്ടുദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. സമീപത്തുള്ള സ്‌കൂളിലെ അധ്യാപകനാണ് ഷാജി. എരവന്നൂര്‍ സ്‌കൂളിലെ സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന് ശേഷമായിരുന്നു കയ്യാങ്കളി. ഷാജിയുടെ ഭാര്യ ജോലി ചെയ്യുന്ന സ്‌കൂളാണ് എരവന്നൂര്‍. ഭാര്യയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഷാജിയുടെ ഭാര്യയുമായി ബന്ധപ്പെട്ട തര്‍ക്കം സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.

ഇതിന് പിന്നാലെ എരവന്നൂര്‍ സ്‌കൂളിലെത്തിയ ഷാജി പ്രധാന അധ്യാപകന്‍ അടക്കമുള്ളവരെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. അതേസമയം എരവന്നൂര്‍ സ്‌കൂളിലെ അധ്യാപകര്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ഷാജിയുടെ ആരോപണം. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊതുവിഭ്യാഭ്യാസ വകുപ്പിനോട് വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടിയതായാണ് വിവരം

Leave a Reply