ബീച്ച് വെഡ്ഡിംഗിനായി ഒരുങ്ങി ശംഖുമുഖം; നവംബർ 30ന് ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്

0

കേരളത്തിലെ ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖം ബീച്ചിൽ തയാറായിക്കഴിഞ്ഞു. വിനോദ സഞ്ചാര വകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖം ബീച്ചിന് സമീപമുള്ള പാർക്കിലാണ് ഒരുങ്ങിയിരിക്കുന്നത്. ബീച്ച് പാർക്കിലുള്ള വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ കേന്ദ്രം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് മുൻ‌കൂർ ആയി ബുക്ക് ചെയ്ത് ലോകത്തെവിടെ നിന്നുള്ളവർക്കും ഇവിടെയെത്തി വിവാഹം നടത്താം.

 

നവംബർ 30ന് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രത്തിൽ ആദ്യ വിവാഹം നടക്കും. ലോകോത്തര ഇവന്റ് മാനേജർമാരെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഓഗ്മെന്റഡ് വെർച്വൽ റിയാലിറ്റി ഗെയിമിങ് സോൺ, സീ വ്യൂ കഫെ എന്നിവയും ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രത്തിനോട് ചേർന്ന് പ്രവർത്തനമാരംഭിക്കും.

 

കൂടാതെ, അതിഥികൾക്ക് താമസസൗകര്യം, കടൽ വിഭവങ്ങളുൾപ്പെടുത്തിയുള്ള റെസ്റ്റോറന്റ് എന്നിവയും ഇവിടെ സജ്‌ജമാക്കും. ഇതോടൊപ്പം കേരളത്തിന്റെ തനതായ വിഭവങ്ങളുൾപ്പെടുന്ന മെനുവും ലഭ്യമാക്കും. കുമരകത്തും ആലപ്പുഴയിലും ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് നടത്തുന്നുണ്ടെങ്കിലും ടൂറിസം വകുപ്പിന് കീഴിലുള്ള ആദ്യ ഔദ്യോഗിക ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രമായിരിക്കും ഇത്.

 

ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രത്തിനൊപ്പം ഇവിടെ നൈറ്റ്ലൈഫ് കേന്ദ്രം ആരംഭിക്കാനും പദ്ധതിയുണ്ട്. ഈ മാസം നിർമാണം ആരംഭിച്ച് ജനുവരിയിൽ പ്രവർത്തനമാരംഭിക്കുന്ന രീതിയിലാണ് ശംഖുമുഖത്തെ പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളത്. കനകക്കുന്നിനും മാനവീയം വീഥിക്കും പിന്നാലെ തലസ്ഥാന നഗരിയിലെ പുതിയ നൈറ്റ് ലൈഫ് കേന്ദ്രമാകും ശംഖുമുഖം.

 

ശംഖുംമുഖം അർബൻ ബീച്ച് ഡെവലപ്പ്‌മെന്റിന്റെ ഭാഗമായി ടൂറിസം വകുപ്പ് നാല് കോടിയും സ്വകാര്യ പങ്കാളിത്തത്തിൽ രണ്ട് കോടിയുമാണ് ഡെസ്റ്റിനേഷൻ കേന്ദ്രത്തിന് വിനിയോഗിച്ചത്. സംസ്ഥാനത്ത് ടൂറിസം രംഗത്ത് വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും ടൂറിസം ഇൻവെസ്റ്റേഴ്‌സ് മീറ്റിലൂടെ 15,000 കോടിയുടെ നിക്ഷേപം കേരളത്തിന് ലഭിച്ചുവെന്നും ഡെസ്റ്റിനേഷൻ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here