മലപ്പുറം: നിലമ്പൂർ കരുളായി എഴുത്തുകല്ല് തേക്ക് പ്ലാന്റേഷനിലെ അടക്കിമുറിയിൽ അഴിമതി ആരോപണം. മന്ത്രി എകെ ശശീന്ദ്രൻ, എൻസിപി മലപ്പുറം ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ് എന്നിവരുടെ പരാതിയിൽ വനം വിജിലൻസ് അന്വേഷണം തുടങ്ങി. തടി തരം മാറ്റി കാണിച്ച് കരാറുകാരൻ 70 ലക്ഷം രൂപയുടെ വരെ നഷ്ടമുണ്ടായെന്നാണ് ആരോപിക്കുന്നത്. കഴിഞ്ഞ വർഷമാണ് 58 ഹെക്ടർ വിസ്തൃതിയിലുള്ള എഴുത്തുകല്ല് തേക്ക് പ്ലാൻറ്റേഷനിൽ അടക്കിമുറി നടത്തിയത്.
50 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 11,524 മരങ്ങൾ പത്തനംതിട്ട അടൂർ സ്വദേശിയായ കരാറുകാരൻ വെട്ടിയത് 3 കോടി 85 ലക്ഷം രൂപക്ക്. തരം അനുസരിച്ച് തടികൾ മുറിക്കുന്നതിന് വ്യത്യസ്ഥ നിരക്കിലാണ് വനം വകുപ്പ് പണം നൽകുന്നത്. കുറഞ്ഞ നിരക്കിലുള്ള മരങ്ങൾ തരംമാറ്റി കാണിച്ച് ഉയർന്ന നിരക്കിലാക്കിയെന്നാണ് പരാതി. ഇതിനായി നിലമ്പൂർ സൗത്ത് ഡിവിഷൻ ഡിഎഫ്ഒയുടെയടക്കം ഒത്താശയുണ്ടെന്നും പരാതിക്കാരൻ ആരോപിക്കുന്നു
4 കോടിയോളം വരുന്ന അടക്കിമുറിയിൽയിൽ 6300 രൂപയുടെ നഷ്ടം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് പരാതിക്കാരന് വനം വകുപ്പ് ഓഫിസിൽ നിന്നും ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നത്. എന്നാലിത് 70 ലക്ഷത്തോളം വരുമെന്ന് കാണിച്ചുള്ള പരാതിയിലാണിപ്പോൾ വനം വിജിലൻസ് അന്വേഷണം തുടങ്ങിയത്. അടക്കിമുറി നടന്ന സ്ഥലങ്ങളിലും അനുബന്ധരേഖകളും പരിശോധിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കുമെന്ന് കോഴിക്കോട് വനം വിജിലെൻസ് ഡിഎഫ്ഒ ഇംതിയാസ് പറഞ്ഞു.