വമ്പന്‍ ജയവുമായി ഇന്ത്യന്‍ കുതിപ്പ്

0

കൊല്‍ക്കത്ത: തീപാറുമെന്നു ആരാധകര്‍ ഉറപ്പിച്ച ലോകകപ്പിലെ സൂപ്പര്‍ പോരില്‍ ഇന്ത്യക്കു മുന്നില്‍ തരിപ്പണമായി സൗത്താഫ്രിക്ക. ഇരുടീമുകളും പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാരായതിനാല്‍ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഈഡന്‍ ഗാര്‍ഡന്‍സില്‍ എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ ഇന്ത്യയുടെ സമഗ്രാധിപത്യത്തില്‍ സൗത്താഫ്രിക്ക 243 റണ്‍സിനു നാണംകെട്ടു. തുടരെ എട്ടാമത്തെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം ഇന്ത്യ ഉറപ്പിക്കുകയും ചെയ്തു.

വിരാട് കോലിയുടെ 49ാം റെക്കോര്‍ഡ് സെഞ്ച്വറിയിലേറി 327 റണ്‍സിന്റെ വലിയ വിജയലക്ഷ്യമായിരുന്നു സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നല്‍കിയത്. ശക്തമായ പോരാട്ടം സൗത്താഫ്രിക്കയില്‍ നിന്നും പ്രതീക്ഷിച്ചെങ്കിലും അവര്‍ നനഞ്ഞ പടക്കമായി. 27.1 ഓവറില്‍ വെറും 83 റണ്‍സിനു സൗത്താഫ്രിക്ക കൂടാരം കയറുകായിരുന്നു. ഒരാള്‍ പോലും അവരുടെ ബാറ്റിങ് നിരയില്‍ 15 റണ്‍സ് തികച്ചില്ല. 14 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സണാണ് അവരുടെ ടോപ്‌സ്‌കോറര്‍. റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ 13 റണ്‍സും നേടി.

അഞ്ചു വിക്കറ്റുകള്‍ പിഴുത രവീന്ദ്ര ജഡേജയാണ് സൗത്താഫ്രിക്കയെ നാണംകെടുത്തിയത്. ഒമ്പതോവറില്‍ ഒരു മെയ്ഡനടക്കം 33 റണ്‍സിനാണ് അദ്ദേഹം അഞ്ചു പേരെ പുറത്താക്കിയത്. മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും രണ്ടു വിക്കറ്റുകള്‍ വീതവും നേടി. വലിയ വിജയലക്ഷ്യമായതിനാല്‍ തന്നെ മികച്ചൊരു തുടക്കം സൗത്താഫ്രിക്കയ്ക്കു ആവശ്യമായിരുന്നു.

പക്ഷെ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായ ക്വിന്റണ്‍ ഡികോക്കിനെ (5) രണ്ടാം ഓവറില്‍ തന്നെ ബൗള്‍ഡാക്കി മുഹമ്മദ് സിറാജ് അവര്‍ക്കു ആദ്യ പ്രഹരമേല്‍പ്പിച്ചു. ഏഴാം ഓവറില്‍ തന്നെ രവീന്ദ്ര ജഡേജയെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കൊണ്ടു വന്നതോടെ സൗത്താഫ്രിക്ക കൂപ്പുകുത്തി. 19 ഓവറായപ്പോഴേക്കും ഏഴു വിക്കറ്റിനു 67 റണ്‍സിലേക്കു അവര്‍ തകര്‍ന്നടിഞ്ഞു. ഒടുവില്‍ 87 റണ്‍സിനു സൗത്താഫ്രിക്ക ഓള്‍ഔട്ടുമായി.

നേരത്തേ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ അഞ്ചു വിക്കറ്റിനു 325 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. കോലിയുടെ 49ാം ഏകദിന സെഞ്ച്വറിക്കൊപ്പം ശ്രേയസ് അയ്യരുടെ (77) ഫിഫ്റ്റിയും ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു. 121 ബോളില്‍ 10 ഫോറുകളടക്കം പുറത്താവാതെ 101 റണ്‍സാണ് കോലി നേടിയത്. ശ്രേയസ് 87 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറുമിച്ചു.

നായകന്‍ രോഹിത് (40) വീണ്ടുമൊരു തീപ്പൊരി ഇന്നിങ്‌സുമായി ടീമിനു സ്വപ്‌നതുല്യമായ തുടക്കം നല്‍കിയപ്പോള്‍ രവീന്ദ്ര ജഡേജ (29*), സൂര്യകുമാര്‍ യാദവ് (22) എന്നിവരുടെ മികച്ച ഫിനിഷിങും ടീമിനെ 300 കടക്കാന്‍ സഹായിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here