പാചക വാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 103 രൂപ

0

കൊച്ചി:രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില 103 രൂപ വര്‍ധിച്ചു. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്‍റെ വിലയാണ്‌ കുത്തനെ ഉയര്‍ത്തിയത്. വിലവര്‍ധനവോടെ പുതുക്കിയ വില 1842 രൂപയായി.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില വർധിപ്പിക്കുന്നത്.വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല.

കഴിഞ്ഞ കുറെ ദിവസമായി രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉള്‍പ്പെടെ ഉയരുന്ന സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില 103 രൂപ കൂടി വര്‍ധിപ്പിച്ചതെന്നാണ് വിവരം.

 

വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വര്‍ധിപ്പിച്ചിട്ടില്ലെങ്കിലും ഹോട്ടല്‍ മേഖലയിലുള്ളവരെ വലിയരീതിയിലുള്ള വിലവര്‍ധനവ് ബാധിക്കും. അവശ്യസാധനങ്ങളുടെ വിലവര്‍ധനവിന് പുറമെ പാചകവാതകത്തിന്‍റെയും വില പലപ്പോഴായി വര്‍ധിപ്പിക്കുന്നത് ഹോട്ടല്‍ വ്യവസായത്തെതന്നെ പ്രതിസന്ധിയിലാക്കുകയാണ്

കഴിഞ്ഞമാസം 19 കിലോയുടെ വാണിജ്യ  സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ വീണ്ടും 100രൂപയിലധികം വര്‍ധിപ്പിച്ചിരിക്കുന്നത്.. സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു. തുടർന്നാണ് രണ്ടുമാസത്തിനിടെ വില വര്‍ധിപ്പിച്ചിരിക്കുന്നത്.

ഡൽഹിയിൽ 1833 രൂപയും, കൊൽക്കത്തയിൽ 1943 രൂപയും മുംബൈയിൽ 1785 രൂപയും ബംഗളൂരുവിൽ 1914.50 രൂപയും ചെന്നൈയിൽ 1999.50 രൂപയുമാണ് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില.

LEAVE A REPLY

Please enter your comment!
Please enter your name here