ഭർത്താവ് ഉപേക്ഷിച്ചു പോയതിൽ മനംനൊന്ത് ആത്മഹത്യാ ശ്രമം; പോലീസ് സ്റ്റേഷന് പുറത്തുവച്ച് വിഷം കഴിച്ച യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

0

മീറത്ത്: പൊലീസ് സ്റ്റേഷന് പുറത്ത് വിഷം കഴിച്ച് യുവതിയുടെ ആത്മഹത്യ ശ്രമം. വിഷം കഴിച്ചതിനെ തുടർന്ന് അവശയായ യുവതിയെ ഉടൻ തന്നെ പൊലീസുകാർ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. ഭർത്താവ് ഉപേക്ഷിച്ച് പോയതിനെതുടർന്നുള്ള മനോവിഷമത്തിലാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.

നവംബർ രണ്ടിന് പൊലീസ് സ്റ്റേഷനിൽവെച്ച് വിഷം കഴിച്ച യുവതി നിലത്തു വീണപ്പോഴാണ് സംഭവം പൊലീസുകാർ അറിയുന്നത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. യുവതി ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്. ആത്മഹത്യക്ക് ശ്രമിച്ച യുവതിക്കെതിരെ ലോഹ്യനഗർ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ഭർത്താവ് ഉപേക്ഷിച്ചു പോയതിൽ മനംനൊന്താണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിനൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്ന പരാതിയുമായി യുവതി നേരത്തെ സ്റ്റേഷനിൽ എത്തിയിരുന്നു. പ്രശ്നപരിഹാരത്തിനായി യുവതിയുടെയും ഭർത്താവിന്‍റെയും കുടുംബങ്ങൾ ശ്രമിച്ചിരുന്നു. എന്നാൽ, യുവതിക്കൊപ്പം താമസിക്കാൻ തയാറല്ലെന്ന് ഭർത്താവ് വ്യക്തമാക്കിയതോടെ ശ്രമം പരാജയപ്പെട്ടു.

എട്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാൽ, ഇപ്പോൾ യുവതിയുടെ കൂടെ താമസിക്കാൻ ഭർത്താവിന് താൽപര്യമില്ല. വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്ന് ബന്ധുക്കൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here