അഴിമതി ആരോപണം ഉയര്‍ന്നു, റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റി; രണ്ടാഴ്ചയ്ക്കുള്ളില്‍ പഴയ തസ്തികയിലേക്ക് തന്നെ വീണ്ടും നിയമിച്ച് വനം വകുപ്പിന്‍റെ വിചിത്ര ഉത്തരവ്

0

തിരുവനന്തപുരം: സ്ഥലം മാറ്റിയ റെയ്ഞ്ച് ഓഫീസറെ വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ ആരോപണം ഉയര്‍ന്ന തസ്തികയിലേക്ക് തന്നെ വീണ്ടും നിയമിച്ച് വനം വകുപ്പിന്‍റെ വിചിത്ര ഉത്തരവ്. അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസര്‍ തസ്തികയില്‍ നിന്നും സ്ഥലം മാറ്റിയ എല്‍ സുധീഷ് കുമാറിനെയാണ് വനം വകുപ്പ് വീണ്ടും പഴയ തസ്തികയില്‍ തന്നെ നിയമിച്ച് കൊണ്ട് ഉത്തരവിറക്കിയത്. ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാളെ വീണ്ടും പഴയ തസ്തികയില്‍ തന്നെ നിയമിച്ച് കൊണ്ട് എസിസിഎഫ് ജി ഹണീന്ദ്ര കുമാര്‍ റാവു ഉത്തരവിറക്കിയത്.

തിരുവനന്തപുരം പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസറായ സുധീഷ് കുമാര്‍, മരം മില്ല് ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങി എന്നതുള്‍പ്പടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ വനം വകുപ്പ് ഐടി വിഭാഗത്തിലേക്കായിരുന്നു സുധീഷിനെ സ്ഥലം മാറ്റിയിരുന്നത്. എന്നാല്‍, ഇത്തരത്തില്‍ അഴിമതി ആരോപണം നേരിട്ട ഒരു വ്യക്തിയെ ഐടി വിഭാഗത്തില്‍ നിയമിക്കാന്‍ ആകില്ലെന്ന് ഐടി വിഭാഗം മേധാവി ശക്തമായ നിലപാടെടുത്തു. ഇതിന് പിന്നാലെ മറ്റ് അപ്രധാന തസ്തികകളിലേക്കോ അല്ലെങ്കില്‍ മറ്റ് റെയ്ഞ്ചുകളിലേക്കോ മാറ്റുന്നതിന് പകരം ആരോപണം നേരിട്ട പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസര്‍ തസ്തികയിലേക്ക് തന്നെ ഇയാളെ മാറ്റിക്കൊണ്ട് വനം വകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസര്‍ ജി ഹണീന്ദ്ര കുമാര്‍ റാവു വിചിത്രമായ ഉത്തരവിറക്കിയത്

LEAVE A REPLY

Please enter your comment!
Please enter your name here