തൃശൂര്‍: സേഫ് & സ്ട്രോങ് നിക്ഷേപതട്ടിപ്പ് കേസിലെ, മുഖ്യപ്രതി പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവ്. തൃശൂര്‍ ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയാണ് ഉത്തരവിട്ടത്. സേഫ് ആന്‍ഡ് സ്‌ട്രോങ് കമ്പനിയുടെ പേരില്‍ ഇരുനൂറുകോടിയിലേറെ രൂപയാണ് പ്രവീണ്‍ റാണ തട്ടിയെടുത്തത്. ഒടുവില്‍ പോലീസില്‍ പരാതികള്‍ എത്തിയതോടെ ‘ലൈഫ് ഡോക്ടര്‍’ എന്നറിയപ്പെടുന്ന പ്രവീൺ മുങ്ങി. ഇയാളെ കണ്ടെത്തിയതും വലിയ വാർത്ത ആയിരുന്നു. 9 മാസത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ ദിവസം റാണ ജാമ്യത്തിലിറങ്ങിയിരുന്നു.
ആദം ബസാർ, പുഴയ്ക്കൽ എന്നിവിടങ്ങളിലെ സേഫ് & സ്ട്രോങ് ഓഫീസുകൾ സേഫ് & സ്ട്രോങ് നിധി ലിമിറ്റഡ് ഓഫീസുകൾ റാണയുടെയും മറ്റ് പ്രതികളുടെയും പേരുകളിലുള്ള സ്വത്തുക്കൾ എന്നിവ കണ്ടുകെട്ടാനാണ് ഉത്തരവ്. അതതു മേഖലകളിലെ തഹസീൽദാർമാർക്കാണ് സ്വത്ത് കണ്ടുകെട്ടുന്ന ചുമതല. ബഡ്സ് നിയമപ്രകാരമാണ് നടപടി. നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്ന് 260 കേസുകൾ വിവിധ സ്റ്റേഷനുകളിലുണ്ട്.
ആരെയും അമ്പരപ്പിക്കുന്നരീതിയിലായിരുന്നു തൃശ്ശൂര്‍ കുന്നത്തങ്ങാടി സ്വദേശിയായ കെ.പി.പ്രവീണിന്റെ വളര്‍ച്ച. എന്‍ജിനീയറിങ് കോളേജിലെ പഠനത്തിന് ശേഷം ചെറിയ മൊബൈല്‍ ഷോപ്പ് നടത്തിയിരുന്ന കെ.പി.പ്രവീണ്‍ പിന്നീട് ഡോക്ടര്‍ പ്രവീണായാണ് രംഗപ്രവേശം ചെയ്യുന്നത്. മൊബൈല്‍ ഷോപ്പ് നടത്തിയിരുന്ന പ്രവീണ്‍ കേരളത്തിന് പുറത്ത് പൂട്ടിപ്പോയ വ്യാപാര സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. ഇതില്‍ വിജയം കണ്ടതോടെ പ്രവര്‍ത്തനമേഖല പബ്ബുകളിലേക്കും സ്പാകളിലേക്കും മാറ്റി. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും പബ്ബുകള്‍ തുടങ്ങിയ ഇയാള്‍ മദ്യക്കച്ചവടത്തിലും പിടിമുറുക്കി. എന്നാല്‍ തനിക്കെതിരേ അന്വേഷണഏജന്‍സികള്‍ നീങ്ങുന്നുവെന്ന് മനസിലായതോടെ പ്രവീണ്‍ കേരളത്തിലേക്ക് മടങ്ങി. തുടര്‍ന്നാണ് സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി കമ്പനിയും കണ്‍സള്‍ട്ടന്‍സിയും ആരംഭിച്ച് മലയാളികളെ ‘പറ്റിച്ച്’ ജീവിക്കാന്‍ തുടങ്ങിയത്.
ഒരുലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം മൂവായിരം രൂപയിലേറെയാണ് പലിശയായി ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നത്. കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപത്തുക തിരികെ ലഭിക്കുമെന്നും വാക്കുനല്‍കിയിരുന്നു. സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി കമ്പനിയില്‍ 12 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്തിരുന്നതെങ്കിലും സേഫ് ആന്‍ഡ് സ്‌ട്രോങ് കണ്‍സള്‍ട്ടന്‍സിയില്‍ പണം മുടക്കിയാല്‍ 40 ശതമാനം വരെ പലിശ ലഭിക്കുമെന്നായിരുന്നു പ്രവീണ്‍ നല്‍കിയ ഉറപ്പ്. സ്ഥാപനത്തിന്റെ ഫ്രൊഞ്ചൈസി നല്‍കുകയാണെന്ന് പറഞ്ഞാണ് ഈ പണം മുഴുവന്‍ തട്ടിയത്. നിക്ഷേപകരുമായി ഫ്രാഞ്ചൈസി കരാറും ഒപ്പിട്ടിരുന്നു.
തൃശ്ശൂര്‍ ആസ്ഥാനമായിട്ടായിരുന്നു സേഫ് ആന്‍ഡ് സ്‌ട്രോങ് കമ്പനിയുടെ പ്രവര്‍ത്തനം. പാലക്കാട് ജില്ലയിലും സ്ഥാപനത്തിന്റെ ബ്രാഞ്ചുകളുണ്ടായിരുന്നു. തുടക്കത്തില്‍ നിക്ഷേപകര്‍ക്ക് കൃത്യമായി പലിശ നല്‍കി കമ്പനി നിക്ഷേപകരുടെ വിശ്വാസംനേടി. ഇതോടെ നേരത്തെ പണം നിക്ഷേപിച്ചവര്‍ തന്നെ പുതിയ നിക്ഷേപകരെ കൊണ്ടുവന്നു. കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നവര്‍ക്ക് വന്‍ സമ്മാനങ്ങളും നല്‍കി. വന്‍കിട റിസോര്‍ട്ടുകളിലും ഹോട്ടലുകളിലുമാണ് പ്രവീണ്‍ റാണ തന്റെ കമ്പനിയുടെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. സ്വയം ചാര്‍ത്തിയ ‘ലൈഫ് ഡോക്ടര്‍’ വിശേഷണവും തട്ടിക്കൂട്ട് അവാര്‍ഡുകളും തട്ടിപ്പിനായി ഉപയോഗിച്ചു.
റാണയുടെ നിധി സ്ഥാപനത്തിന്റെ അംഗീകാരം സര്‍ക്കാര്‍ റദ്ദാക്കിയതോടെയാണ് കോടികളുടെ തട്ടിപ്പ് പുറംലോകമറിയുന്നത്. കമ്പനി അംഗീകാരം റദ്ദായിട്ടും ഇത് മറച്ചുവെച്ചും ഇയാള്‍ കോടികള്‍ നിക്ഷേപമായി സ്വീകരിച്ചിരുന്നു. എന്നാല്‍ വാഗ്ദാനം ചെയ്ത പലിശ ലഭിക്കാതിരുന്നതോടെ നിക്ഷേപകര്‍ പരാതികളുമായി എത്തിത്തുടങ്ങി. ഒടുവില്‍ പരാതികള്‍ വര്‍ധിച്ചതോടെ പിടിച്ചുനില്‍ക്കാനാകാതെ പ്രവീണ്‍ പതറി. ഡിസംബര്‍ അവസാനം നിക്ഷേപകരുടെ യോഗം വിളിച്ചുകൂട്ടിയ ഇയാള്‍, ജനുവരി ആദ്യത്തില്‍ പണം തിരികെ നല്‍കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ യോഗത്തിന് ശേഷം കമ്പനിയില്‍നിന്ന് പ്രവീണ്‍ രാജിവെച്ചെന്ന വിവരമാണ് നിക്ഷേപകര്‍ അറിഞ്ഞത്. ഇതോടെ വന്‍ലാഭം പ്രതീക്ഷിച്ച് പണം നിക്ഷേപിച്ചവരില്‍ പലരും പോലീസിനെ സമീപിക്കുകയായിരുന്നു.