ജനങ്ങളോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ്; ഇസ്രയേലിൽ നിന്നുള്ള ഒഴിപ്പിക്കൽ സ്ഥിതി നിരീക്ഷിച്ച ശേഷമെന്ന് ഇന്ത്യ

0

50 വർഷം മുമ്പ് യോങ്കിപ്പൂർ യുദ്ധത്തിനു ശേഷം ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. യുദ്ധം തുടങ്ങിയതായും വിജയിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു വ്യക്തമാക്കി. അതേസമയം തന്നെ തിരിച്ചടികളില്ലാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ശത്രുക്കൾ മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഹമാസ് സൈനിക കമാൻഡർ മുഹമ്മദ് ഡീഫിന്റെ പ്രതികരണം. അക്രമം അധിനിവിഷ്ട വെസ്റ്റ്ബാങ്കിലേക്കും ജറൂസലമിലേക്കും വ്യാപിപ്പിക്കുമെന്നും ഹമാസ് നേതൃത്വം അറിയിക്കുന്നു.

പെട്ടെന്നുള്ള ആക്രമണത്തിന് ഇരുപക്ഷത്തിനും പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നാണ് നയതന്ത്ര മേഖലയിലെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇസ്രയേലിനും സൗദി അറേബ്യ ഉൾപ്പെടേയുള്ള അറബ് രാഷ്ട്രങ്ങൾക്കും ഇടയിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ട് വരുന്ന ഒരു സാഹചര്യമാണ് പശ്ചിമേഷ്യൻ മേഖലയിൽ അടുത്തിടെയായിട്ടുള്ളത്. ചരിത്രപരമായ പല തീരുമാനങ്ങളും ഈ ബന്ധ സ്ഥാപിക്കലിന് പിന്നാലെയുണ്ടായിട്ടുണ്ട്.

ഇസ്രയേൽ അധിനിവേശത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ ശ്രമിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് എക്കാലവും അറബ് രാഷ്ട്രങ്ങൾ പിന്തുണ നൽകിപ്പോരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇസ്രയേലുമായി സൗദി അറേബ്യ അടക്കം പുതുതായി ഉണ്ടാക്കുന്ന ബന്ധം സ്വാഭാവികമായും ഫലസ്തീൻ ജനതയിൽ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. പ്രത്യേകിച്ച് ഹമാസ് ഉൾപ്പെടേയുള്ള സായുധ സംഘങ്ങൾക്ക് ഇസ്രയേൽ ബന്ധത്തിൽ അറബ് രാഷ്ട്രങ്ങൾ നടത്തുന്ന വിട്ടുവീഴ്ചകൾ അംഗീകരിക്കാൻ തയ്യാറല്ല.

ഇസ്രയേൽ ബന്ധത്തിൽ നിലപാട് മാറ്റിയെങ്കിലും ഫലസ്തീന്റെ കാര്യത്തിൽ തങ്ങൾ പഴയ നിലപാട് തുടരുമെന്ന് തന്നെയാണ് സൗദി അറേബ്യ വ്യക്തമാക്കുന്നത്. മേഖലയിൽ ഉടൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് നിലവിലെ സംഘർഷങ്ങളുടെ ഭാഗമായി സൗദിയുടെ പ്രതികരണം. എന്നാൽ ഇസ്രയേലുമായി മെച്ചപ്പെട്ട് വന്ന ബന്ധം നിലനിർത്താനും സൗദി ശ്രമിക്കുന്നുണ്ട്.

യുദ്ധം അതിശക്തമായി മുന്നോട്ട് പോകുകയാണെങ്കിൽ സൗദി അറേബ്യക്ക് നിലവിലെ നിലപാട് തുടർന്ന് പോകാൻ കഴിയുമോയെന്നതും കണ്ടറിയേണ്ടതാണ്. ഇസ്രയേൽ ആക്രമണം ശക്തമാക്കുകയും ഫലസ്തീനികളുടെ അവസ്ഥ കൂടുതൽ ദുരിതമാകുകുയം ചെയ്താൽ സൗദി അറേബ്യയ്ക്ക് മാത്രമല്ല, ഇസ്രയേലുമായി ബന്ധം ശക്തിപ്പെടുത്താൻ ഒരുങ്ങുന്ന മറ്റ് അറബ് രാഷ്ട്രങ്ങൾക്കും പഴയ ഇസ്രയേൽ വിരുദ്ധ നിലപാടിലേക്ക് തിരിച്ച് പോകേണ്ടി വന്നേക്കാമെന്നും വിലയിരുത്തപ്പെടുന്നു.

മറുവശത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സർക്കാരിനുനേരെ ഇസ്രയേലിൽ എതിർപ്പ് ശക്തമാകുന്നതിനിടയിലുമാണ് സംഘർഷം. ജുഡീഷ്യറിയെ അട്ടിമറിക്കാനുള്ള സർക്കാരിന്റെ നിയമപരിഷ്‌കാരത്തിൽ രാജ്യവ്യാപകപ്രതിഷേധം നിലനിൽക്കുന്നു. ഇതിനിടയിലാണ് ഹമാസിന്റെ ഭാഗത്ത് നിന്നുള്ള ആക്രണം ഉണ്ടാകുന്നത്. ഹമാസ് ആക്രമണം തന്റെ പ്രതിച്ഛായ വളർത്താൻ നെതന്യാഹും ഉപയോഗപ്പെടുത്തുകയും പെട്ടെന്ന് തന്നെ യുദ്ധപ്രഖ്യാപനം നടത്തുകയുമായിരുന്നു

Leave a Reply