കണ്ണൂർ: വളപട്ടണവും വെള്ളായണിയും അടക്കം സംസ്ഥാനത്തെ ഏഴ് തണ്ണീർത്തടങ്ങൾ റംസാർ പട്ടികയിലേക്ക്. പരിസ്ഥിതി പ്രാധാന്യമുള്ള തണ്ണീർത്തടങ്ങൾക്ക് പ്രത്യേക സംരക്ഷണവും പരിപാലനവും ഉറപ്പാക്കാനായാണ് ഏഴ് തണ്ണീർത്തടങ്ങളെ റാംസർ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. കണ്ണൂർ ജില്ലയിലെ കാട്ടാമ്പള്ളി, വളപട്ടണം, കുപ്പം, കോഴിക്കോട്ടെ കോട്ടൂളി, തിരുവനന്തപുരത്തെ ആക്കുളം, വേളി, വെള്ളായണി എന്നീ തണ്ണീർത്തടങ്ങളാണ് റാംസർ പട്ടികയിലേക്ക് പരിഗണിക്കുന്നത്.
പാരിസ്ഥിതിക പ്രാധാന്യം, ജൈവവൈവിധ്യം, വെള്ളത്തിന്റെ ഗുണനിലവാരം, പാരിസ്ഥിതിക ഭീഷണിയുടെ ഘടന തുടങ്ങി സമഗ്രമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പദവി നൽകുക. സംസ്ഥാന തണ്ണീർത്തട സാങ്കേതികസമിതി ശുപാർശയ്ക്ക് അന്തിമരൂപം നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ശുപാർശ കൈമാറും. തുടർന്ന് കേന്ദ്ര റാംസർ അഡ്‌മിനിസ്ട്രേറ്റീവ് അഥോറിറ്റിക്ക് കൈമാറും.
റാംസർ സെക്രട്ടേറിയറ്റിന്റെ അംഗീകാരത്തോടെ റാംസർ പദവി പ്രഖ്യാപിക്കും. ഇതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. മൂന്നുവർഷം സമഗ്രമായ പഠനം നടത്തിയാണ് തണ്ണീർത്തടങ്ങളെ ശുപാർശ ചെയ്യുന്നത്.
വലിയ പാരിസ്ഥിതിക പ്രാധാന്യമുള്ള തണ്ണീർത്തടങ്ങൾക്ക് പ്രത്യേകം സംരക്ഷണം നൽകും. കൈയേറ്റഭീഷണയിൽനിന്ന് സംരക്ഷിക്കുകയും ചെയ്യും. ഇതിന് പ്രത്യേക പദ്ധതി തയ്യാറാക്കും. പട്ടികയിൽ ഇടംനേടിയ സ്ഥലങ്ങളിൽ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് ദോഷമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും അനുവദിക്കില്ല. ഇവയുടെ പരിപാലനത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കും. റാംസർ പദവിയിലുള്ള സ്ഥലങ്ങളുടെ സംരക്ഷണത്തിനായി അന്താരാഷ്ട്ര ഫണ്ട് ലഭിക്കും.
1971-ൽ ഇറാനിലെ റാംസറിൽ ചേർന്ന അന്താരാഷ്ട്ര ഉച്ചകോടിയിലാണ് തണ്ണീർത്തടങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് പദ്ധിക്ക് തുടക്കം കുറിച്ചത്. ആദ്യ സമ്മേളനത്തിന്റെ സ്മരണയ്ക്കായിട്ടാണ് റാംസർ പദവി എന്ന പേര് നൽകിയത്. ലോകത്തെ 172 രാജ്യങ്ങൾ പദ്ധതിയിൽ അംഗങ്ങളാണ്. കേരളത്തിലെ അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട് എന്നിവ 2002 മുതൽ പട്ടികയിലുണ്ട്.