കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ വഴിതെറ്റി ഇരുചക്ര വാഹനം പുഴയിൽ വീണ് രണ്ട് പേർ മരിച്ച സംഭത്തിൽ കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി. പുതുവൈപ്പ് സ്വദേശി കെവിൻ ആന്‍റണിയുടെ മൃതദേഹം നേരത്തെ കിട്ടിയിരുന്നു. ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ആസാദിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തയില്ലായിരുന്നു.
ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. നാട്ടുകാരാണ് പുഴയിൽ വീണ ഇരുചക്രവാഹനം ആദ്യം കാണുന്നത്. വാഹനത്തിന്‍റെ ഇൻഡിക്കേറ്റർ കത്തി നിൽക്കുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കടത്തുവഞ്ചി ഉപയോഗിച്ച് നാട്ടുകാരും അഗ്നിശമനസേനാംഗങ്ങളും നടത്തിയ തിരച്ചിലിൽ കെവിന്‍റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് ആസാദിന്‍റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തത്. രാത്രി വഴി തെറ്റിയതാകാം അപകട കാരണമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആസാദ് ആണ് വാഹനത്തിന്‍റെ ഉടമ.